കാന അടഞ്ഞു, വെളളക്കെട്ടിൽ ചേപ്പാട് ജംഗ്ഷൻ

Thursday 12 June 2025 2:14 AM IST

ചേപ്പാട് : ചേപ്പാട് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ. വന്ദികപ്പള്ളി,മുതുകുളം ചിങ്ങോലി ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഈ വെള്ളക്കെട്ട് മറി കടന്ന് വേണം യാത്ര ചെയ്യാൻ. ദേശിയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കാനകൾ അടഞ്ഞ് പോയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം . വെള്ളക്കെട്ടിന് പുറമേ റോഡിൽ മെറ്റലുകൾ ഇളകി കാനകളുടെ വശങ്ങൾ പൊട്ടിയും വെള്ളക്കെട്ടിലെ കുഴി കാണാതെയും യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. വെള്ളക്കെട്ടിനോടൊപ്പം തെരുവ് വിളക്ക് തെളിയാത്തതും ദുരിതം ഇരട്ടിയാക്കുന്നു. പ്രദേശവാസികൾക്ക് രാത്രിയിലെ യാത്രയാണ് ഏറെ ദുഷ്കരം. ദീർഘ ദൂരയാത്ര ചെയ്തു വരുന്ന യാത്രക്കാർ ചേപ്പാട് ജംഗ്ഷനിലെ ഈ സ്ഥിതി കാരണം, നങ്ങ്യാർകുളങ്ങരയിലും രാമപുരത്തും പോയി ഇറങ്ങി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. സബ് രജിസ്ട്രാർ ഓഫീസ്, സ്കൂളുകൾ, ബാങ്ക് ആയുർവേദ ആശ്രൂപത്രി എന്നീ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത് ഈ ഭാഗത്താണ്. വെള്ളക്കെട്ടിന് ദേശീയപാത അതോറട്ടി അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.