വീണ്ടും കാട്ടു പന്നി ശല്യം; കുട്ടംപേരൂരിൽ കൃഷികൾ നശിപ്പിച്ചു
മാന്നാർ: പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി. കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ കഴിഞ്ഞ ദിവസം കാട്ടു പന്നികൾ നിരവധി ഇടങ്ങളിലാണ് കൃഷികൾ നശിപ്പിച്ചത്. കുട്ടംപേരൂർ ഗോകുൽ നിവാസിൽ ഓമനക്കുട്ടൻ, ചിറ്റമ്മേത്ത് സജി എന്നിവരുടെ സ്ഥലത്ത് ഏറെ നഷ്ടങ്ങൾ വരുത്തി. കപ്പ, ചേന, വാഴ എന്നിവ ചുവടോടെ നശിപ്പിക്കുകയും പറമ്പ് മുഴുവൻ ഇളക്കി മറിച്ചിട്ട നിലയിലുമാണ്. അർദ്ധരാത്രി കഴിഞ്ഞും പുലർച്ചെയുമാണ് കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മാസങ്ങൾക്കു മുമ്പും ഈ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൃഷികൾക്ക് ഏറെ നാശങ്ങൾ വരുത്തിയിരുന്നു. കൃഷി നാശം സംഭവിച്ച ഇടങ്ങൾ മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സി, കൃഷി ഉദ്യോഗസ്ഥ ദേവിക നാഥ് സി.എച്ച് എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.കുട്ടംപേരൂർ, മുട്ടേൽ, കോട്ടയം സിറ്റി, ഗ്യാസ് ഏജൻസി, ഭാഗം എന്നിവിടങ്ങളിൽ കാട്ടുപന്നികളെ പലപ്പോഴായി കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. പ്രദേശത്ത് വർദ്ധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ അജിത്ത് പഴവൂർ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്.