വൈശാഖോത്സവത്തിൽ തിടമ്പേറ്റി കാശിനാഥനും രാജീവും
മകം നാളിൽ ഉച്ച ശീവേലിയോടെ പെരുമാളിനെ തൊഴുത് ആനകൾ മടങ്ങും
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ പ്രധാനസാന്നിദ്ധ്യമാണ് പെരുനാളിന്റെയും ദേവിയുടെയും തിടമ്പേറ്റുന്ന ഗജവീരന്മാർ.വിശാഖം നാളിലെ ഭണ്ഡാരം എഴുന്നള്ളത്തിന് അകമ്പടി സേവിച്ച് മണത്തണയിൽ നിന്നും കൊട്ടിയൂരിൽ എത്തുന്ന ആനകളാണ് ശീവേലി എഴുന്നള്ളത്തിന് ദേവീദേവന്മാരുടെ തിടമ്പേറ്റുന്നത്.
കുന്ദംകുളത്തുള്ള വഴുവാടി കാശിനാഥനും പിച്ചിയിൽ രാജീവുമാണ് ഈ വർഷം ദേവന്റെയും ദേവിയുടെ തിടമ്പേറ്റുന്നത്. 35 വയസ് പ്രായമുള്ള വഴുവാടി കാശിനാഥനാണ് പെരുമാളുടെ തിടമ്പ് എഴുന്നള്ളിക്കുന്നത്. കുന്ദംകുളം വഴുവാടി കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന. അമൽ കൊല്ലവും അനു കൊല്ലവുമാണ് ഒന്നും രണ്ടും പാപ്പാന്മാർ.ദേവിയുടെ തിടമ്പെഴുന്നള്ളിക്കുന്നത് പിച്ചിയിൽ രാജീവാണ്. നാൽപത് വയസ്സുള്ള ഈ ഗജവീരന്റെ ഉടമ പിച്ചിയിൽ മോഹനനാണ്. വൈക്കം വിപിനാണ് ഒന്നാം പാപ്പാൻ. തൃശൂർ സ്വദേശി നിഖിൽ രണ്ടാം പാപ്പാനും. ഇവരാണ് കുന്ദംകുളത്തു നിന്നും ആനയെ കൊട്ടിയൂരിലേക്ക് കൊണ്ടുവന്നത്. പനമ്പട്ടയാണ് ആനകൾക്ക് പ്രധാനമായി നൽകുന്നത്. ശീവേലി എഴുന്നള്ളത്ത് കഴിയുമ്പോൾ ആന ഊട്ടും ഉണ്ടാകും. ഭണ്ഡാരം എഴുന്നള്ളത്ത് മുതൽ മകം നാളിൽ ഉച്ചശീവേലി കഴിയുന്നതുവരെ ആനകൾ അക്കരെ കൊട്ടിയൂരിൽ ഉണ്ടാകും. ഉച്ചശീവേലിക്ക് ശേഷം ആനകൾ വിടവാങ്ങണം.
വൈശാഖ മഹോത്സവത്തിന് ഗജവീരന്മാരുമായി കൊട്ടിയൂരിൽ എത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്നും പ്രതിഫലത്തെക്കാളുപരി പെരുമാൾ സന്നിധിയിൽ ഒരു ഉത്സവകാലം മുഴുവൻ കഴിയാൻ അവസരം കിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും പാപ്പാന്മാരായ അനുവും നിഖിലും പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്കും ഭക്തിയും കൗതുകവുമാണ് ഈ ഗജവീരന്മാർ. പ്രായഭേദമെന്യേ നിരവധി പേരാണ് ആനയെ തൊടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമായി പാപ്പാന്മാരെ സമീപിക്കുന്നത്.