സർക്കാർ അനുമതിയായി: കണ്ണൂർ സിറ്റി റോഡിന് ഭൂമി ഏറ്റെടുക്കും

Wednesday 11 June 2025 9:13 PM IST

പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ: നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വളപട്ടണം മന്ന ചാല ജംഗ്ഷൻ (എൻ.എച്ച് 66) റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടിക്ക് പച്ചക്കൊടി. ഭൂമി ഏറ്റെടുക്കൽ നടപടി 2013ലെ എൽ.എ.ആർ.ആർ നിയമപ്രകാരം മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയതോടെയാണ് കടമ്പ കടന്നത്.സാങ്കേതിക നടപടികൾ വേഗത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവർ ഉദ്യാഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി.

പദ്ധതിക്കായി കൊച്ചി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് സാമൂഹ്യാഘാത പഠനം നടത്തിയിരുന്നു. ഈ പഠനറിപ്പോർട്ട് ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധസമിതി പഠിക്കുകയും ചെയ്തു. പിന്നീട് വളപട്ടണം മന്ന ചാല ജംഗ്ഷൻ റോഡുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ വളപട്ടണം, ചിറക്കൽ പഞ്ചായത്ത് പ്രതിനിധികളെ കൂടി ഈ വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സമിതിയുടെ ശുപാർശയും സാമൂഹ്യാഘാത പഠന റിപ്പോർട്ടും പരിശോധിച്ച് ജില്ലാകളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. 2013ലെ എൽ.എ.ആർ.ആർ നിയമത്തിലെ സെക്ഷൻ അഞ്ച് പ്രകാരം സ്ഥലം വിട്ടുനൽകേണ്ടവർക്കായി പബ്ലിക് ഹിയറിംഗും നടത്തി. റിപ്പോർട്ടുകൾ തൃപ്തികരമാണെന്ന് കണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരാൻ സർക്കാർ അനുമതി നൽകിയത്.

 കണ്ണൂർ സിറ്റി റോഡ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത് ₹ 738 കോടി

സിറ്റിറോഡ് വികസനം

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി 11 റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയാണിത്. പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് വളപട്ടണം മന്നചാല ജംഗ്ഷൻ റോഡ്.