ആനവണ്ടിയിൽ പോയി കല്യാണം കൂടാം മിതമായ നിരക്കെന്ന് കോർപറേഷൻ

Wednesday 11 June 2025 9:52 PM IST

കണ്ണൂർ: കല്യാണ സവാരിക്കടക്കം സേവനം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സിയിൽ പരിഷ്കാരം. ആകർഷകമായ നിരക്കിലാണ് കോർപറേഷന്റെ കല്യാണ സർവീസെന്നതാണ് പ്രത്യേകത. പതിനായിരത്തിന് മുകളിൽ ടൂറിസ്റ്റ് ബസുകൾക്ക് നീക്കിവെക്കേണ്ട സാഹചര്യത്തിൽ നാൽപത് കിലോമീറ്റർ വരെയുള്ള ദൂരത്തിന് 3500 രൂപയാണ് ബസിന് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. നാല് മണിക്കൂർ വരെയുള്ള സമയത്തിനാണ് ഈ തുക. സമയവും ദൂരവും കൂടിയാൽ തുകയും കൂടും.

കെ.എസ്.ആർ.ടി.സി നഷ്ടക്കണക്ക് സംബന്ധിച്ച വാർത്തകൾ അനുദിനം പുറത്തുവരുന്ന സാഹചര്യത്തിലാണ് അധിക വരുമാനം ലക്ഷ്യമിട്ട് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലെ വിനോദ സഞ്ചാരമായ ബഡ്ജറ്റ് ടൂറിസം ഏറ്റവും കൂടുതൽ വിജയം കണ്ടത് കണ്ണൂർ ജില്ലയിലാണ്. ഈ സാഹചര്യത്തിലാണ് കല്യാണ ട്രിപ്പുകൾക്ക് കൂടി കെ.എസ്.ആർ.ടി.സി ബസുകളെ അവതരിപ്പിക്കാനുള്ള അധികൃതരുടെ നീക്കം.

കൊട്ടിയൂർ തീർത്ഥാടന പാക്കേജും

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് തീർഥാടന പാക്കേജും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. 14,18,21,24 ദിവസങ്ങളിലായി രാവിലെ ആറരക്ക് കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കും. മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം ,​പുരളിമല മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം എന്നിവ ദർശിച്ച് രാത്രി എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഇതിനായി 490 രൂപയാണ് ഈടാക്കുന്നത്.

കല്യാണ സർവീസ് നിരക്ക്

ഓർഡിനറി, സിറ്റി, ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട് ബസുകൾ ₹ 3600

ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്ളോർ, നോൺ എ.സി ബസുകൾ ₹3700

സൂപ്പർ ഫാസ്റ്റ് ₹ 3800

സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സുകൾ₹3900

വോൾവോ ലോ ഫ്ലോർ എ.സി₹ 4300

വോൾവോ മൾട്ടി എക്സൽ, സ്കാനിയ മൾട്ടി എക്സൽ ₹ 5300

ബഡ്ജറ്റ് ടൂറിസം വിജയം കണ്ടതിന് ശേഷമാണ് ഇത്തരം മാറ്റങ്ങൾ. സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതും ലക്ഷ്യമാണ്. -ജില്ല ട്രാൻസ്പോർട്ട് അധികൃതർ