'ജനങ്ങളോടൊപ്പം സബ് കളക്ടർ' പദ്ധതിക്ക് ഇന്ന് തുടക്കം

Thursday 12 June 2025 12:04 AM IST

ആദ്യപരിപാടി കൊക്കയാർ വില്ലേജിൽ

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനങ്ങളോടൊപ്പം സബ് കളക്ടർ എന്ന പദ്ധതിക്ക് ഇന്ന് പീരുമേട് താലൂക്കിലെ കൊക്കയാർ വില്ലേജിൽ തുടക്കമാകും. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് രാവിലെ വില്ലേജ് ഓഫീസ് സന്ദർശിക്കുകയും രാവിലെ 11 മുതൽ പൊതുജനങ്ങളുടെ പരാതി നേരിൽ കേൾക്കും.ഭരണനിർവഹണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമായ സേവന വിതരണം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ആരംഭിക്കുന്നത്. പ്രാദേശിക സമൂഹവുമായി നേരിട്ട് ഇടപഴകുകയും പൊതു സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളിൽ സബ് കളക്ടർ തന്റെ അധികാര പരിധിയിലുള്ള താലൂക്കിനു കീഴിലുള്ള ഒരു വില്ലേജ് ഓഫീസ് സന്ദർശിക്കുകയും തന്റെ ഔദ്യോഗിക ജോലി ആ വില്ലേജ് ഓഫീസിൽ നിർവഹിക്കുകയും ചെയ്യും. ഇടുക്കി, പീരമേട്, തൊടുപുഴ താലൂക്കുകളാണ് സബ് കളക്ടർ അനൂപ് ഗാർഗിന്റെ അധികാര പരിധിയിലുള്ളത്. ഈ താലൂക്കുകൾക്ക് കീഴിലുള്ള എല്ലാ വില്ലേജ് ഓഫീസുകളിലും സബ് കളക്ടറെത്തും.