കാലവർഷം വീണ്ടും കനക്കുന്നു, കല്ലാർകുട്ടിയും പാംബ്ലയും തുറന്നു

Thursday 12 June 2025 1:30 AM IST
കല്ലാർകുട്ടി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടർന്ന് അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ

ഇടുക്കി: ജില്ലയിൽ കാലവർഷം വീണ്ടും ശക്തിപ്പെട്ടതോടെ തൊടുപുഴ ഉൾപ്പെടെയുള്ള മിക്കയിടങ്ങളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിനിടെ 78.04 മില്ലി മീറ്റർ ശരാശരി മഴയാണ് ജില്ലയിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദേവികുളം താലൂക്കിലാണ്- 129.2. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14, 15 തീയതികളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നലെയും ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു. പുഴകളിലും കൈത്തോടുകളിലും നീരൊഴുക്ക് വർദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു.

ഒരാഴ്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ അണക്കട്ടുകളിലെ ജലനിരപ്പും ഉയർന്ന് തുടങ്ങി. ജലനിരപ്പ് സംഭരണ ശേഷിയുടെ പരമാവധിയെത്തിയതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ വീണ്ടും തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയുടെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. പാംബ്ല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലേക്കും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചു. കഴിഞ്ഞ മാസം അവസാന വാരം കാലവർഷം എത്തിയ ശേഷം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിനെ തുടർന്ന് പൊന്മുടി, കല്ലാർകുട്ടി, മലങ്കര, പ്ലാംബ്ല തുടങ്ങിയ അണക്കെട്ടുകൾ തുറന്നിരുന്നു. മഴ കുറഞ്ഞതോടെയാണ് തുറന്ന അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിലെ ജലനിരപ്പ് 2341.86 അടിയിലെത്തി. പരമാവധി സംഭരണശേഷിയുടെ 39 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. സമുദ്രനിരപ്പിൽ നിന്നുള്ള കണക്കാണിത്. ലോറേഞ്ചിലെ പ്രധാന ഡാമായ മലങ്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്. 39.7 മീറ്ററാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.

മഴയുടെ അളവ്

തൊടുപുഴ-48.8 മില്ലി മീറ്റർ

പീരുമേട്- 33

ഉടുമ്പഞ്ചോല- 102

ദേവികുളം- 129.2

ഇടുക്കി- 77.2

ശരാശരി- 78.04