എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

Thursday 12 June 2025 12:26 PM IST

ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ചെന്നിത്തല : നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കറ്റാനം ഭരണിക്കാവ് സ്വദേശിയായ വിദ്യാർത്ഥിയെ സ്കൂളിലെ പതിനൊന്നാം ക്ലാസുകാരായ ആറു പേർ ചേർന്ന് മർദ്ദിച്ചെന്നാണ് പിതാവ് മാന്നാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയും സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. എന്നാൽ സ്കൂൾ അധികൃതർ വിവരം മറച്ചുവച്ചെന്നും വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ നവോദയ സ്കൂളിലെ സീനിയർ ആൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിലാണ് ക്രൂരമർദ്ദനം അരങ്ങേറിയത്. സഹപാഠിയുമായി പുറത്ത് സംസാരിച്ച് നിന്ന തന്നെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ വിളിക്കുന്നെന്ന് പറഞ്ഞ് ഒരു പത്താംക്ലാസ് വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ വെച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം തെറ്റാണെന്നാരോപിച്ച് മർദിക്കുകയുമായിരുന്നെന്ന് മർദ്ദനത്തിനിരയായ വിദ്യാർത്ഥി പറഞ്ഞു. കവിളത്ത് ആഞ്ഞടിക്കുകയും വയറ്റിലും പുറത്തും നെഞ്ചത്തുമൊക്കെ ഇടിക്കുകയും ആഞ്ഞ് ചവിട്ടുകയും ചെയ്തതായും വെളിപ്പെടുത്തി. നടന്നത് റാഗിംഗ് അല്ലെന്നും സീനിയർ,ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങളുടെ പേരിലുണ്ടായ ഏറ്റുമുട്ടൽ മാത്രമാണെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

ആശുപത്രിയിലെത്തിച്ചത് പിറ്റേന്ന്

മർദ്ദനമേറ്റ് ബോധരഹിതനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാനോ വീട്ടുകാരെ അറിയിക്കാനോ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് പിതാവ് ആരോപിച്ചു. ചെറിയൊരു വിഷയമുണ്ടായതായി തൊട്ടടുത്ത ദിവസം ഹോസ്റ്റൽ വാർഡൻ വിളിച്ച് പറഞ്ഞതനുസരിച്ച് കുട്ടിയെ കാണാൻ എത്തിയപ്പോഴാണ് മർദ്ദനവിവരം അറിഞ്ഞത്. ഉടൻ ഗേറ്റ് പാസ്സ് വാങ്ങി കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് മുമ്പും സമാനമായ റാഗിംഗ് സ്ക്കൂളിൽ നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാർക്കും മർദ്ദനമേറ്റിട്ടുള്ളതായും വിദ്യാർത്ഥി പറഞ്ഞു.

പുതിയ പ്രിൻസിപ്പലിന്റെ ആദ്യ ഒപ്പ് സസ്പെൻഷൻ ഉത്തരവിൽ

ചെന്നിത്തല നവോദയ സ്കൂളിൽ പുതിയ പ്രിൻസിപ്പലായി ജോളി ടോം ചാർജെടുക്കാൻ എത്തിയ ദിവസമാണ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റത്. ചാർജെടുക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെ കണ്ട് മടങ്ങിയെത്തിയ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. അന്ന് രാത്രി തന്നെ ആറ് വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ഒപ്പിടുകയും ചെയ്തു.