ടാഗോറിന്റെ ബം‌ഗ്ളാ‌ദേശിലെ കുടുംബവീട് തല്ലിത്തകർത്ത് ജനക്കൂട്ടം, അക്രമികൾ പ്രദേശവാസികളെന്ന് വിവരം

Thursday 12 June 2025 12:00 AM IST

ധാക്ക: മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബവീട് തല്ലിത്തകർത്ത് ആക്രമണം. ബംഗ്ളാദേശിലെ സിർഗഞ്ചിലെ ഷാജാദ്‌പൂരിലാണ് സംഭവം. ടാഗോറിംന്റെ കുടുംബവീട് ആൾക്കൂട്ടം തല്ലിത്തകർക്കുകയും ടാഗോറിനെതിരെ മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്‌തത്. വീട്ടിലെ ജനാലകൾ,നൂറ്റാണ്ട് പഴക്കമുള്ള കസേരകൾ എന്നിവയെല്ലാം ആൾക്കൂട്ടം തകർത്തു.

ജനക്കൂട്ടം വീട് ആക്രമിച്ചതുകാരണം സ്‌മാരകം ഇനിയൊരറിയിപ്പുണ്ടാകും വരെ തൽക്കാലത്തേക്ക് അടച്ചതായാണ് ബംഗ്ളാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടാഗോറിന്റെ കുടുംബവീടായ രബീന്ദ്ര കച്രിബാരി കാണാനെത്തിയ ഒരാളും കുടുംബവും വാഹനപാർക്കിംഗിന്റെ പേരിൽ അധികൃതരോട് വഴക്കായി. അവരെ അധികൃതർ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‌തതായാണ് വിവരം. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധിക്കുകയും തങ്ങളുടെ അതൃപ്‌തി വ്യക്തമാക്കുകയും ചെയ്‌തു. പ്രതിഷേധം ആക്രമണത്തിലേക്ക് വഴിമാറി പ്രദേശം നശിപ്പിച്ചു. സ്ഥാപന ഡയറക്‌ടർമാരിൽ ഒരാളെ മർദ്ദിക്കുകയും ചെയ്‌തു.

ഇതോടെ സ്ഥാപനത്തിന്റെ കസ്‌റ്റോഡിയനായ ഹൈബർ റഹ്‌മാനാണ് സ്‌മാരകം ഇനിയൊരറിയിപ്പുണ്ടാകും വകെ അടച്ചത്. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ടാഗോർ ഈ വീട്ടിൽ താമസിച്ചാണ് വിവിധ കൃതികളെഴുതിയത് എന്നാണ് പറയപ്പെടുന്നത്.