ശ്വേതാഖാൻ കേസിൽ ബംഗാളിൽ വിവാദം

Thursday 12 June 2025 1:12 AM IST

കൊൽക്കത്ത: ബംഗാളിൽ കോളിളക്കം സൃഷ്ടിച്ച നീലച്ചിത്ര റാക്കറ്റ് കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. നീലച്ചിത്ര, സെക്സ് റാക്കറ്റിന്റെ നടത്തിപ്പുകാരിൽ ഒരാളായ ആര്യൻ ഖാനെയും(26) ഇയാളുടെ സഹായിയെയുമാണ് പൊലീസ് പിടികൂടിയത്. അതേസമയം, കേസിലെ പ്രധാന പ്രതിയായ ആര്യൻഖാന്റെ മാതാവ് ശ്വേതാ ഖാൻ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, ശ്വേതാ ഖാനൊപ്പമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാഷ്ട്രീയവിവാദവും ഉടലെടുത്തു. മന്ത്രി അരൂപ് റോയ്, എം.പി സുദീപ് ബന്ധോപാധ്യായ്, മുൻ മന്ത്രി രാജിബ് ബാനർജി തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള ശ്വേതാ ഖാന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്. ഇതോടെ ശ്വേത ഖാനും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ മകനും തൃണമൂൽ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ ഉപയോഗിച്ച് നീലച്ചിത്ര നിർമാണവും പെൺവാണിഭവും നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്വേതാ ഖാൻ, മകൻ ആര്യൻ ഖാൻ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. സോഡേപുർ സ്വദേശിയായ 23കാരി പരാതിയുമായി രംഗത്തെത്തിയതോടെയാണ് ശ്വേത ഖാന്റെ നേതൃത്വത്തിലുള്ള നീലച്ചിത്ര റാക്കറ്റിനെക്കുറിച്ച് പുറംലോകമറിയുന്നത്. ശ്വേത ഖാനും മകനും ചേർന്ന് ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയുടെ മറവിൽ നീലച്ചിത്ര നിർമാണവും പെൺവാണിഭവവും നടത്തിവരികയാണെന്നും നീലച്ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.