ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്, പ്രത്യുല്പാദന നിരക്കിൽ കുറവ്

Thursday 12 June 2025 2:18 AM IST

40 വർഷങ്ങൾക്കു ശേഷം ജനസംഖ്യ കുറയുമെന്ന് യു.എൻ റിപ്പോർട്ട്

ന്യൂഡൽഹി: ചൈനയെ (141 കോടി) മറികടന്ന് ഇന്ത്യൻ ജനസംഖ്യ ഈ ഏപ്രിലിൽ 146.39 കോടിയായതിനൊപ്പം രാജ്യത്തെ പ്രത്യുല്പാദന നിരക്ക് 1.9 ശതമാനമായി കുറഞ്ഞെന്ന് യു.എൻ ജനസംഖ്യ(യു.എൻ.എഫ്.പി.ഒ) റിപ്പോർട്ട്. ഇതിനാൽ നിലവിൽ ലോകജനസംഖ്യയിൽ ഏറ്റവും മുന്നിലാണെങ്കിലും ഇന്ത്യയിൽ 40 വർഷങ്ങൾക്കു ശേഷം എണ്ണത്തിൽ കുറയും.

ഇന്നത്തെ സ്‌ത്രീകൾ അവകാശങ്ങളെക്കുറിച്ച് ബോധവതികളായതും ഗർഭനിയന്ത്രണ മാർഗങ്ങളിൽ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം ലഭിച്ചതുമാണ് പ്രത്യുത്പാദന നിരക്കിൽ(ടി.എഫ്.ആർ)ഇടിവുണ്ടാകാൻ കാരണം. ഒരു സ്‌ത്രീക്ക് ആയുസിനിടെ പരമാവധി ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ് ടി.എഫ്.ആർ. ഒരു രാജ്യത്ത് അടുത്ത തലമുറ ജനസംഖ്യ നിലനിറുത്താനുള്ള നിരക്ക് 2.1 ആണ്. അടുത്ത 40 വർഷംകൊണ്ട് ഇന്ത്യയിൽ ജനസംഖ്യ 170 കോടി വരെ ഉയരുമെന്നും പിന്നീട് കുറഞ്ഞു തുടങ്ങുമെന്നുമാണ് യു.എൻ.എഫ്.പി.ഒ റിപ്പോർട്ട്.

ടി.എഫ്.എ.ആർ നിരക്ക്:

ബീഹാർ: 3, മേഘാലയ: 2.9, യു.പി: 2.7, തമിഴ്നാട്, ഡൽഹി: 1.4, കേരളം: 1.5

അഫ്ഗാനിസ്ഥാൻ: 4.7, പാകിസ്ഥാൻ: 3.5, ബംഗ്ളാദേശ്: 2.1, നേപ്പാൾ: 1.9, ശ്രീലങ്ക: 1.9, ഭൂട്ടാൻ: 1.4, ചൈന: 1

1960 ൽ, ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 43.6 കോടി ആയിരുന്നപ്പോൾ, ഒരു കുടുംബത്തിൽ ആറ് കുട്ടികളുണ്ടായിരുന്നു. അന്ന് സ്ത്രീകൾക്ക് അവരുടെ ശരീരത്തിലും ജീവിതത്തിലും നിയന്ത്രണം കുറവായിരുന്നു. നാലിലൊന്നു പേർ മാത്രമേ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. സ്ത്രീ വിദ്യാഭ്യാസവും കുറവായിരുന്നു.

യുവത്വമുള്ള ഇന്ത്യ

നിലവിൽ ഇന്ത്യൻ യുവജന സംഖ്യ ശക്തമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ജനസംഖ്യ കുറയുന്നതോടെ പ്രായമായവർ കൂടും. നിലവിൽ ഏഴ് ശതമാനം മാത്രമായ 65വയസും അതിന് മുകളിലുള്ളവരുമാകും ഭാവിയിൽ കൂടുതലും.

 0-14 വയസുകാർ 24%, 10-19 വയസുകാർ 17%, 10-24 വയസുകാർ 26 %.

 ജനസംഖ്യയുടെ 68 ശതമാനവും ജോലിയെടുക്കുന്നു(15-64)

 ആയുർദൈർഘ്യം: പുരുഷന്മാർക്ക് 71 വർഷവും സ്ത്രീകൾക്ക് 74 വർഷവും.