യുവാക്കളെ ആക്രമിച്ച കേസിൽ ക്രിമിനൽ സംഘാംഗങ്ങളായ രണ്ട് പേർ അറസ്റ്റിൽ

Thursday 12 June 2025 6:33 AM IST

കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ക്രിമിനൽ സംഘാംഗങ്ങളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ചക്കരപ്പാടം കാരനാട്ട് വീട്ടിൽ മണിയൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് (50), പെരിഞ്ഞനം സ്വദേശി മൂത്താംപറമ്പിൽ വീട്ടിൽ ദിൽജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി പനങ്ങാട്ട് വീട്ടിൽ ജിനേഷിനും കൂട്ടുകാരനായ മണികണ്ഠനുമാണ് മർദ്ദനമേറ്റത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. റോഡിലുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തിന് വിവിധ സ്റ്റേഷനിലായി 14 കേസുണ്ട്. ദിൽജിത്തിന്റെ പേരിൽ കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസുണ്ട്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്‌പെക്ടർ പി.വി.ഹരിഹരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.എ.ഷിജു, പി.ഗിരീശൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ.ഷിജു, പി.എസ്.ശ്യാംകുമാർ, ബി.വിനികുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.