ട്രംപിനെ വധിക്കണമെന്ന് അൽ ക്വഇദ നേതാവ്
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്ത് അൽ ക്വഇദ നേതാവ്. അൽ ക്വഇദയുടെ അറേബ്യൻ ഉപദ്വീപ് വിഭാഗത്തിന്റെ തലവനായ സാദ് ബിൻ അതേഫ് അൽ - അവ്‌ലാക്കിയാണ് 34 മിനിറ്റ് ദൈർഘ്യമുള്ള ഭീഷണി വീഡിയോയുമായി പ്രത്യക്ഷപ്പെട്ടത്.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്, ശതകോടീശ്വരനും ട്രംപിന്റെ മുൻ ഉപദേഷ്ടാവുമായ ഇലോൺ മസ്ക് തുടങ്ങിയവരെയും വൈറ്റ് ഹൗസുമായി ബന്ധമുള്ള മറ്റുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും വധിക്കണമെന്ന് അവ്‌ലാക്കി പറയുന്നു.
ഇവർ ഇസ്രയേൽ അനുകൂലികളാണെന്നും ഗാസ യുദ്ധത്തിന് പകരമായി അമേരിക്കയോട് പ്രതികാരം ചെയ്യണമെന്നും യു.എസിലെ മുസ്ലിം സമൂഹത്തോടുള്ള ആഹ്വാനമെന്ന നിലയിൽ അവ്‌ലാക്കി പറഞ്ഞു. ജൂതന്മാരെ ആക്രമിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. യു.എസ് തലയ്ക്ക് 60 ലക്ഷം ഡോളർ വിലയിട്ട ഭീകരനാണ് അവ്‌ലാക്കി. ഇയാൾ നിലവിൽ യെമനിൽ ഉണ്ടെന്ന് കരുതുന്നു.