വിവാദ വീഡിയോയിൽ വിശദീകരണം --- വിലങ്ങണിയിച്ചത് ഇന്ത്യക്കാരനെ തന്നെ
വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറുന്ന തരത്തിൽ പ്രചരിച്ച വീഡിയോയിൽ വിശദീകരണവുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ. വീഡിയോയിലുള്ളത് ഇന്ത്യൻ പൗരനാണെന്നും ഇയാൾ യു.എസിലേക്ക് അനധികൃതമായി കടന്നതാണെന്നും അധികൃതർ പറഞ്ഞു. ഹരിയാന സ്വദേശിയായ ഇയാൾക്ക് സാധുവായ വിസ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ ബഹളം വച്ചതോടെ യു.എസ് ഉദ്യോഗസ്ഥർ ഇയാളെ നിയന്ത്രണത്തിലാക്കുകയായിരുന്നു. തുടർന്ന് ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയുടെ നിർദ്ദേശപ്രകാരമാണ് നാടുകടത്തൽ നടപടി. ആരോഗ്യം മെച്ചപ്പെട്ടാൽ ഇയാളെ നാടുകടത്തുമെന്നും അധികൃതർ പറഞ്ഞു. ന്യൂജേഴ്സിയിലുള്ള ന്യൂവാർക്ക് വിമാനത്താവളത്തിൽ 8ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമത്തിൽ വൈറലായത്. പൊലീസുകാർ യുവാവിനെ നിലത്ത് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വയ്ക്കുന്നതാണ് വീഡിയോയിൽ. പൊലീസുകാർ ബലം പ്രയോഗിച്ച് യുവാവിനെ നിലത്തേക്ക് ചേർത്ത് അമർത്തുന്നതും വീഡിയോയിൽ കാണാം.