സെലെൻസ്‌കി രാജ്യം വിട്ടേക്കുമെന്ന് മുൻ പ്രധാനമന്ത്രി, തള്ളി യുക്രെയിൻ
കീവ്: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി യുക്രെയിൻ വിടുമെന്ന ആരോപണവുമായി മുൻ പ്രധാനമന്ത്രി മൈക്കോള അസറോവ്. സെലെൻസ്കിയെ അധികാരത്തിൽ നിന്ന് നീക്കാൻ യു.എസ് പച്ചക്കൊടി വീശിയെന്നും അസറോവ് അവകാശപ്പെട്ടു.
യു.എസ് പിന്തുണയ്ക്കാത്ത പക്ഷം രാജ്യംവിടുകയല്ലാതെ മറ്റ് വഴി സെലെൻസ്കിയ്ക്ക് മുന്നിലില്ലെന്നും അസറോവ് കൂട്ടിച്ചേർത്തു. അതേസമയം, റഷ്യയിലുള്ള അസറോവിന്റെ പരാമർശം മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ലെന്ന് ആരോപണം തള്ളിയ യുക്രെയിൻ ഉദ്യോഗസ്ഥർ പറഞ്ഞു. അസറോവ് 2014 മുതൽ റഷ്യയിലാണ്.
അതേസമയം, വടക്കൻ യുക്രെയിനിലെ ഖാർക്കീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. കുട്ടികൾ അടക്കം 60 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ട് ജനവാസ കെട്ടിടങ്ങളിലേക്കായി 17 ഡ്രോണുകൾ പതിക്കുകയായിരുന്നു.
ആകെ 85 ഡ്രോണുകളാണ് ഇന്നലെ പുലർച്ചെ യുക്രെയിന് നേരെ റഷ്യ വിക്ഷേപിച്ചത്. ഇതിൽ 40 എണ്ണം വെടിവച്ചിട്ടെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു. അതിനിടെ, രണ്ടാം റൗണ്ട് സമാധാന ചർച്ചയിൽ അംഗീകരിച്ച പ്രകാരം 1,212 സൈനികരുടെ മൃതദേഹം റഷ്യ യുക്രെയിന് കൈമാറി.