ട്രംപിനെതിരെ പരാമർശം --- കുറച്ച് അതിരുവിട്ടു, ഖേദിക്കുന്നു: മസ്‌ക്
വാഷിംഗ്ടൺ: ' ചില പരാമർശങ്ങൾ അതിരുവിട്ടു"- തുറന്ന പോരിനൊടുവിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌ക്.
'പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ചില പോസ്റ്റുകളിൽ ഞാൻ ഖേദിക്കുന്നു. അവ അതിരുകടന്നു പോയി" -മസ്ക് എക്സിൽ കുറിച്ചു. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് സൂചിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ അദ്ദേഹം ഡിലീറ്റ് ചെയ്തു. ട്രംപിനെതിരെയുള്ള സ്വരം നിലവിൽ മസ്ക് മയപ്പെടുത്തിയിട്ടുണ്ട്. ട്രംപുമായി സമാധാനത്തിൽ എത്തണമെന്ന കോടീശ്വരൻ ബിൽ അക്ക്‌മാന്റെ പോസ്റ്റിനെ പിന്തുണച്ച മസ്ക്, അക്ക്‌മാന്റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും പറഞ്ഞു. സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ലിനെ മസ്ക് എതിർത്തതാണ് വിവാദങ്ങൾക്ക് കാരണം. ട്രംപിന്റെ മുൻ ഉപദേശകനായ മസ്ക്, ബില്ലിനെയും ട്രംപിനെയും എക്സിലൂടെ രൂക്ഷമായി വിമർശിച്ചു. മസ്കിന് ഭ്രാന്തുപിടിച്ചെന്ന് പറഞ്ഞ ട്രംപ്, മസ്കിന്റെ കമ്പനികൾക്ക് നൽകിയ കരാറുകൾ റദ്ദാക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
അയഞ്ഞ് ട്രംപും
മസ്കുമായി നല്ല ബന്ധത്തിൽ തിരിച്ചെത്താനാകുമോ എന്ന ചോദ്യത്തോട് 'തനിക്ക് കഴിഞ്ഞേക്കും" എന്ന് ഒരു അഭിമുഖത്തിനിടെ ട്രംപും പ്രതികരിച്ചു. മസ്‌കുമായുള്ള തന്റെ ബന്ധം അവസാനിച്ചെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്.