'സാറേ ഞങ്ങൾക്ക് ഒരു കസ്റ്റമറിൽ നിന്ന് ഇത്രമാത്രമാണ് കിട്ടുന്നത്, ഇരട്ടിയിലധികം നടത്തിപ്പുകാർക്ക്'; അനാശാസ്യ കേന്ദ്രത്തിലെ സ്ത്രീകളുടെ മൊഴി

Thursday 12 June 2025 10:41 AM IST

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ അറസ്റ്റിലായ സ്ത്രീകളുടെ മൊഴി പുറത്ത്. ഒരു കസ്റ്റമറിൽ നിന്ന് തങ്ങൾക്ക് 1000 രൂപ മാത്രമാണ് കിട്ടുന്നതെന്നാണ് ഇതര സംസ്ഥാനക്കാരായ സ്ത്രീകൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

'സാറേ ഞങ്ങൾക്ക് ഒരു കസ്റ്റമർ വന്നാൽ 1000 രൂപയാണ് കിട്ടുന്നത്. എന്നാൽ മാഡം കസ്റ്റമറിൽ നിന്ന് 3,000 മുതൽ 3500 രൂപ വരെയാണ് വാങ്ങുന്നത്. ഞങ്ങളെ പറ്റിക്കുകയാണെന്ന് ഇപ്പോഴാണ് അറിയുന്നത്.'- സ്ത്രീകൾ പറഞ്ഞു.

പെൺവാണിഭക്കേസിൽ പൊലീസുകാർക്കും പങ്കുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ രണ്ട് പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസ് ഡ്രൈവർമാരായ ഷൈനിത്ത്, കെ സനിത്ത് എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് വിഭാഗത്തിലെയും സിറ്റി കൺട്രോൾ റൂമിലെയും ഡ്രൈവർമാരാണിവർ.

രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ഇവിടത്തെ സ്ഥിരം സന്ദർശകരാണെന്നും കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് കണ്ടെത്തൽ. ഇരുവർക്കുമെതിരെ സിറ്റി പൊലീസ് കമ്മിഷണർ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയ, അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത നിമീഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പന്ത്രണ്ടുപേരെ ഇതുവരെ പ്രതി ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പിലെ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം നടക്കാവ് പൊലീസിന്റെ പിടിയിലായത്. ആറ് സ്ത്രീകളടക്കം ഒൻപത് പേരാണ് അറസ്റ്റിലായത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെ, നടത്തിപ്പുകാർക്ക് പ്രതിദിനം ലക്ഷങ്ങൾ വരുമാനം ലഭിക്കുമെന്ന് കണ്ടെത്തൽ.