ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂലായ് മുതൽ പുതിയ മാറ്റം, കൈയിൽ പണമുണ്ടെങ്കിലും ടിക്കറ്റ് കിട്ടിയെന്ന് വരില്ല
തിരുവനന്തപുരം: തൽക്കാൽ ടിക്കറ്റ് ബുക്കിംഗിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്താനൊരുങ്ങി റെയിൽവേ. അടുത്തമാസം ഒന്നുമുതലാണ് ഇത് നടപ്പിലാകുന്നത്. തൽക്കാൽ ടിക്കറ്റ് ബുക്കിംഗിൽ ആധാറും ഒടിപിയുമായി ബന്ധപ്പെട്ടാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇത് അറിഞ്ഞില്ലെങ്കിൽ ടിക്കറ്റെടുക്കാൻ കഴിയാതെ യാത്ര മുടക്കേണ്ടിവരും.
വരുന്ന സുപ്രധാന മാറ്റങ്ങൾ ഇവയാണ്:
1. ആധാർ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ആപ്പ് വഴിയോ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ തൽക്കാൽ ടിക്കറ്റ് ബുക്കുചെയ്യാൻ കഴിയൂ. ജൂലായ് 15 മുതൽ തൽക്കാൽ ടിക്കറ്റ് ബുക്കുചെയ്യാൻ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിർബന്ധമാക്കും.
2. റെയിൽവേയുടെ പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴി ടിക്കറ്റ് ബുക്കുചെയ്യുമ്പോഴും ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കും.
3. അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് എസി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30വരെയും നോൺ എസിയിൽ രാവിലെ 11മുതൽ 11.30 വരെയും തൽക്കാൽ ടിക്കറ്റുകൾ ബുക്കുചെയ്യാൻ അനുവാദമില്ല.
4. തൽക്കാൽ അടക്കം റെയിൽവേ കൗണ്ടറുകളിലെ റിസർവേഷൻ ടിക്കറ്റ് ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ഇതിന്റെ ഭാഗമായി കൗണ്ടറുകളിൽ തൽക്കാൽ ടിക്കറ്റിന് പണം അടയ്ക്കാൻ കൊമേഴ്സ്യൽ ഉദ്യാേഗസ്ഥരുടെ ആപ്പിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യണം.തൽക്കാൽ ടിക്കറ്റ് സമയം പണം കൈപ്പറ്റുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പലയിടങ്ങളിലും ഇതിനകം വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.