പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനം; ഇന്ത്യയിൽ ഇക്കാരണങ്ങൾ കൊണ്ടാണ് മരണം സംഭവിക്കുന്നത്‌, നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

Thursday 12 June 2025 11:14 AM IST

ന്യൂഡൽഹി: ലോകത്ത് തന്നെ ഏറ്റവും കൂടുതലാളുകൾ പാമ്പ് കടിയേറ്റ് മരിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോർട്ടുകൾ. പാമ്പുകൾ കൂടുതലായി ഇവിടെ കാണപ്പെടുന്നതും, പാമ്പ് കടിയേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം പരമ്പരാഗത വൈദ്യന്മാരെ ആശ്രയിക്കുന്നതുമൊക്കെയാണ് സ്ഥിതിഗതികൾ ഗുരുതരമാകാൻ കാരണം.

ഇന്ത്യയിൽ പ്രതിവർഷം 58,000 പാമ്പുകടിമൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്യാത്ത മരണങ്ങളും ഉണ്ടാകാറുണ്ട്. 'പരമ്പരാഗത വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസം മൂലമാണ് ചികിത്സയിൽ കാലതാമസം വരുന്നത്. ഫലപ്രദമായ മരുന്ന് ഇല്ലാത്തത് മരണത്തിലേക്ക് നയിക്കുന്നു. പണച്ചെലവ് ഓർത്തും പലരും ആശുപത്രികളിലും മറ്റും ചികിത്സ തേടാൻ മടിക്കുന്നു. പാമ്പുകടിയേറ്റാൽ ഉണ്ടാകുന്ന മരണങ്ങളും വൈകല്യങ്ങളും കുറയ്ക്കാനായി, ഇതിനെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ സ്‌നേക്ക്‌ബൈറ്റ് ടാസ്‌ക്‌ഫോഴ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിന് ഇന്ത്യ ഒരു ദേശീയ കർമ്മ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കി വരികയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് പുരോഗതിയുണ്ടെങ്കിലും വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.


'പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിൽ ഇന്ത്യ ഇപ്പോഴും പരാജയപ്പെടുന്നു. ആരോഗ്യ സംവിധാനം വേണ്ടത്ര സജ്ജമല്ല. ഇത്തരം കേസുകൾ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് പലപ്പോഴും ഇല്ല. ദാരിദ്ര്യമാണ് മറ്റൊരു പ്രശ്നം. ചികിത്സ സൗജന്യമല്ലാതിരിക്കുകയും, ചെലവ് താങ്ങാവുന്നതിലപ്പുറമാകുകയും ചെയ്യുന്ന വേളയിൽ അവർ രോഗശാന്തിക്കായി വിഷ വൈദ്യന്മാരെ ആശ്രയിക്കുകയോ മറ്റോ ചെയ്യുന്നു.'- പ്രമുഖ ഫിസിഷ്യനും റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ വ്യക്തമാക്കി.

പൊതുജനത്തിന് അവബോധം കുറവ്, ആന്റിവെനം ഗുണനിലവാരം, ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയും വെല്ലുവിളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.