ഇനി നമുക്ക് പറക്കും ബസുകളിൽ യാത്രചെയ്യാം; എയർ ഹോസ്റ്റസുമാരെപ്പോലെ ബസ് ഹോസ്റ്റസുമാർ, ചായയും കാപ്പിയും യഥേഷ്ടം
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം വർദ്ധിച്ചുവരുന്ന ട്രാഫിക്കാണ്. വഴികൾ പലതുനോക്കിയിട്ടും ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ പല രാജ്യങ്ങൾക്കും കഴിയുന്നില്ല. മണിക്കൂറുകൾ ബ്ലോക്കിൽ കിടന്നെങ്കിലേ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ. വികസിത രാജ്യങ്ങളിൽപ്പോലും ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെ നാട്ടിലെ കാര്യം പറയേണ്ടതുണ്ടോ?
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൊതുഗതാഗത്തിന് പ്രാധാന്യം നൽകിയാണ് ട്രാഫിക്ക് പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. അതിൽ അവർ ഒരുപരിധിവരെ വിജയിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യക്കാർ പൊതുഗതാഗതത്തിന് അത്രകണ്ട് മുൻഗണന നൽകുന്നില്ല. അവർക്ക് സ്വന്തം വാഹനത്തിൽ പോകാനാണ് താൽപ്പര്യം കൂടുതൽ. ഗതാഗതക്കുരുക്കും മലിനീകരണവുമാണ് ഇതിന്റെ ഫലം. നമ്മുടെ രാജ്യം വർഷം 22 ലക്ഷം കോടി രൂപ വിലവരുന്ന ഫോസിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയും ഇന്ധനം കത്തിത്തീരുമ്പോൾ എത്രമാത്രം അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നും ഓർക്കുക.
വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാനുള്ള ഏറ്റവും നല്ല ഉപാധികളിൽ ഒന്നാണ് ഏരിയൽ പോഡ് ടാക്സികൾ അല്ലെങ്കിൽ "പറക്കുന്ന ബസുകൾ".ബംഗളൂരു നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവയ്ക്കുന്ന ആശയമാണിത്. ഒരു ചാനൽ നടത്തിയ ചർച്ചയിലാണ് പുതിയ ആശയങ്ങളെക്കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്. പറക്കും ബസുകൾ എന്ന് കേട്ടാൽ ചെറുവിമാനങ്ങളാേ ഹെലികോപ്ടറുകളോ ആണെന്ന് വിചാരിച്ചെങ്കിൽ തെറ്റി. എലിവേറ്റഡ് ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാത്ത ഇലക്ട്രിക് ബസുകളാണ് ഇവ. എന്നാൽ ബസുകളുടെ രൂപമല്ല. നേരിയ സാമ്യം ഉള്ളത് മെട്രോ ട്രെയിനുകളിലെ ബോഗികളോട് മാത്രം.
ഇതിലെ ഓരോ യൂണിറ്റിലും 135 പേർക്ക് യാത്രചെയ്യാനാവും. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ഈ വാഹനത്തിൽ എയർഹോസ്റ്റസുമാരെപ്പോലെ യാത്രക്കാരെ സഹായിക്കാൻ ബസ് ഹോസ്റ്റസുമാരും ഉണ്ടാവും. യാത്രക്കാർക്ക് ചായ, കാപ്പി എന്നിവയും ലഭ്യമാകും. വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നിശ്ചിത സ്റ്റോപ്പുകളിൽ ബസ് നിറുത്തുമ്പോൾ അവിടെ ഘടിപ്പിച്ചിട്ടുള്ള ചാർജിംഗ് സംവിധാനത്തിൽ നിന്ന് ബാറ്ററി ചാർജ് ആവുകയും ചെയ്യും. ഫാസ്റ്റ് ചാർജിംഗ് ആയതിനാൽ ചാർജ് ചെയ്യാൻ വളരെ കുറച്ച് സമയം മതി.
പറക്കുന്ന ബസുകൾ ഉൾപ്പെടെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് നിരവധി സാങ്കേതിക വിദ്യകൾ ലഭിച്ചിട്ടുണ്ടെന്നും ലാഭകരമാണോ എന്ന് നോക്കിയശേഷം നടപ്പാക്കുമെന്നാണ് ഗഡ്കരി വ്യക്തമാക്കുന്നത്. എന്നാൽ ഇത് എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ല.