'കേരളത്തിൽ നിന്ന് വന്നവരാണ്, നന്നായി അഡ്ജസ്റ്റ് ചെയ്‌തോളും, ഇതുകേട്ട ബച്ചൻ ദേഷ്യപ്പെട്ടു'; തുറന്നുപറഞ്ഞ് ശോഭന
ഇന്നും ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അടുത്തിടെ പുറത്തിറങ്ങിയ തുടരും എന്ന മോഹൻലാൽ ചിത്രത്തിൽ മികച്ച പ്രകടമാണ് ശോഭന നടത്തിയത്. വർഷങ്ങൾക്കുമുമ്പ് ഒരു സിനിമാ സെറ്റിൽ വച്ച് തനിക്കുണ്ടായ അത്ര നന്നല്ലാത്ത അനുഭവവും അതറിഞ്ഞ് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെയും കുറിച്ച് അടുത്തിടെ ശോഭന തുറന്നുപറഞ്ഞിരുന്നു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലെ 'ക്യു ആൻ എ' സെഗ്‌മെന്റിലായിരുന്നു ശോഭനയുടെ തുറന്നുപറച്ചിൽ.
'വർഷങ്ങൾക്കുമുമ്പ് അഹമ്മദാബാദിൽ ബച്ചൻ സാറിനൊപ്പം ഒരു സോംഗ് ഷൂട്ടിംഗിലായിരുന്നു ഞാൻ. ആ പാട്ടുരംഗത്ത് നിരവധി തവണ എനിക്ക് വസ്ത്രം മാറേണ്ടതുണ്ടായിരുന്നു. ബച്ചൻ സാറിന് അദ്ദേഹത്തിന്റെ കാരവാനുണ്ടായിരുന്നു. എന്റെ കാരവാൻ എവിടെ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ സെറ്റിലുണ്ടായിരുന്ന ഒരാൾ പറഞ്ഞത് അവർ കേരളത്തിൽ നിന്ന് വന്നവരാണ് നന്നായി അഡ്ജസ്റ്റുചെയ്യും. ഒരു മരത്തിന് പിന്നിൽ നിന്ന് വസ്ത്രം മാറാൻ കഴിയും എന്നാണ് . വാക്കിടോക്കിയിലൂടെ ഇത് ബച്ചൻ സാർ കേട്ടു. അദ്ദേഹം ഉടൻ പുറത്തിറങ്ങി ആരാണ് അങ്ങനെ പറഞ്ഞതെന്ന് ഉറക്കെ ചോദിച്ചു. പിന്നീട് അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിച്ചു. എന്നിട്ട് അദ്ദേഹം പുറത്തിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നുണ്ട്. ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുമ്പോഴെല്ലാം എഴുന്നേറ്റ് അവരെ അഭിവാദ്യം ചെയ്യുമായിരുന്നു'- ശോഭന പറഞ്ഞു.