2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് മുൻഗണന,​ 33 ശതമാനം സംവരണമെന്ന് കേന്ദ്രം

Thursday 12 June 2025 1:35 PM IST

ന്യൂ‌ഡൽഹി: 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നു. ദേശീയ രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2027 ൽ രാജ്യവ്യാപകമായി ജനസംഖ്യാ സെൻസസ് നടത്തുമെന്നും ജാതി കണക്കെടുപ്പ് ആദ്യമായി ഇതിന്റെ ഭാഗമാകുമെന്നും കഴിഞ്ഞ ആഴ്ച കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ലഡാക്ക്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ 2026 ഒക്ടോബറിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ 2027 ലും ആയിരിക്കും സെൻസസ് നടക്കുക.