അഹമ്മദാബാദിൽ തകർന്ന വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ്  രൂപാണിയും?

Thursday 12 June 2025 3:02 PM IST

അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നതായി സംശയം. ഈ വിവരം സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 69കാരനായ രൂപാണി, ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ജനവാസ മേഖലയിൽ തകർന്നുവീണത്. 11 വർഷം പഴക്കമുള്ള വിമാനമാണ് ഇത്. എയർ ഇന്ത്യ ബോയിംഗ് 787 -8 ഡ്രീംലെെന‌ർ എന്ന ശ്രേണിയിൽപ്പെട്ട വിമാനമാണ്. മേഘാനിനഗറിലാണ് തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും വന്നിട്ടില്ല.

അപകടം ജനവാസ മേഖലയിലായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കറുത്ത പുക ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉടൻ തന്നെ അഹമ്മദാബാദിലേക്ക് പുറപ്പെടും.