അപകടത്തിൽപ്പെട്ട വിമാനത്തിൽ നിറയെ ഇന്ധനം, ദുരന്തവ്യാപ്തി ഭീകരം: അട്ടിമറി സാദ്ധ്യതയും അന്വേഷിക്കും

Thursday 12 June 2025 3:12 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കുന്നതിനെക്കാൾ അപ്പുറമായിരിക്കുമെന്ന് റിപ്പോർട്ട്. ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമായിരുന്നതിനാൽ നിറയെ ഇന്ധനമുണ്ടായിരുന്നു. തകർന്നുവീണ ഉടനെ വിമാനം കത്തിച്ചാമ്പലാവാൻ കാരണവും ഇതുതന്നെയാണ്.

ഇന്ധനത്തിന്റെ കൂടിയ അളവ് രക്ഷാപ്രവർത്തനത്തെയും കാര്യമായി ബാധിച്ചു എന്നാണ് റിപ്പോർട്ട്. അപകടവിവരമറിഞ്ഞ ഉടൻ സംഭവ സ്ഥലത്തേക്ക് ഫയർ എൻജിനുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തകർ പാഞ്ഞെത്തിയെങ്കിലും ആളിക്കത്തുന്ന തീയ്ക്കുമുന്നിൽ അവർക്ക് ഒന്നും ചെയ്യാനായില്ല.തീ അല്പമൊന്ന് ശമിച്ചതിനുശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. യാത്രക്കാർ ആരും രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല. മുപ്പതുമരണം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും കറുത്ത പുക ഉയരുന്നുണ്ട്. വിമാനം ഫ്ളാറ്റ് സമുച്ചയത്തിന് മുകളിലേക്കാണ് തകർന്നുവീണത്. ഇതിലുണ്ടായിരുന്നവരും ദുരന്തത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

ഇന്ന് ഉച്ചയോടെ ടേക്ക് ഒഫ് ചെയ്ത് എട്ടുമിനിട്ടിനിടെയായിരുന്നു അപകടമുണ്ടായത്. മേഘാനിനഗറിലാണ് തകർന്നുവീണത്. വിമാനത്തിൽ പതിനൊന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 242 യാത്രക്കാർ ഉണ്ടെന്നാണ് സൂചന. ഇതിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അട്ടിമറി സാദ്ധ്യത ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.