ജനവാസമേഖലയിലൂടെ പറന്നുയർന്ന വിമാനം തീഗോളമായി നിലത്തുപതിച്ചു; നോവായി അപകട ദൃശ്യങ്ങൾ, വീഡിയോ

Thursday 12 June 2025 3:28 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് ടേക്കോഫ് ചെയ്യുന്നതിനിടെ കത്തിയമർന്ന എയർഇന്ത്യ വിമാനത്തിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്. വിമാനം പറന്നുയരുന്നതിന്റെയും താഴേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പറന്ന് നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുന്നതും ഉഗ്രസ്‌ഫോടന സമാനമായി തീ ഉയരുന്നതും കാണാം. ശേഷം കറുത്ത നിറത്തിലുള്ള പുക പ്രദേശത്താകെ ഉയരുന്നതും വീഡിയോയിൽ കാണാം. സമീപത്തെ ഒരു വീട്ടിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്‌ക്ക് 1.14ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ ബോയിംഗ് 787 -8 ഡ്രീംലെെന‌ർ എന്ന ശ്രേണിയിൽപ്പെട്ട വിമാനമാണ് മേഘാനിനഗറിൽ അപകടത്തിൽപ്പെട്ടത്. അപകടം ജനവാസ മേഖലയിലായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കറുത്ത പുക ഉയരുന്നുണ്ട്.

പതിനൊന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 242 യാത്രക്കാർ ഉണ്ടെന്നാണ് സൂചന. ഇതിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അട്ടിമറി സാദ്ധ്യത ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.