വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ടാറ്റ ചെയർമാൻ, അടിയന്തര സേവനങ്ങൾ ലഭ്യമാക്കും
Thursday 12 June 2025 4:12 PM IST
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ അനുശോചനം അറിയിച്ചു. അടിയന്തര സേവനങ്ങൾ ലഭ്യമാക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു അപകടം.
'ഈ നിമിഷം മുതൽ ദുരിതബാധിതരായ എല്ലാ ആളുകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. സ്ഥലത്ത് അടിയന്തര സഹായങ്ങൾക്കും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പരിചരണവും നൽകുന്നതിന് ഞങ്ങളുടെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യും. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അടിയന്തര സഹായങ്ങൾക്കുള്ള ക്രമീകരണങ്ങൾ സജീവമാക്കിയിട്ടുണ്ട്'. അദ്ദേഹം എക്സിൽ കുറിച്ചു.