അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിന് മുമ്പ് വിമാനത്തിന് തകരാറുകൾ,​ യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

Thursday 12 June 2025 7:01 PM IST

ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നു വീഴുന്നതിന് മുമ്പ് യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കുള്ള വിമാനത്തിൽ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്വിറ്ററിലാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിലെ തകരാറുകളെ കുറിച്ചാണ് ആകാശ് വീഡിയോയിൽ പറയുന്നത്. യാത്ര കഴിഞ്ഞ് ട്വിറ്ററിൽ പങ്കു വയ്ക്കാൻ പകർത്തിയതാണ് വീഡിയോ എന്നും തകരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് താനും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും ആകാശ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

അഹമ്മദാബാദിിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസ,​ മേഖലയിൽ തകർന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1. 45ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിൻ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ആകെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചതായാണ് വിവരം. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. യുകെയിൽ നഴ്സാണ് രഞ്ജിത. ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബി. ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ദുരന്തത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു.