ശ്രീനിവാസൻ പ്രൊഡക്ഷൻസുമായി വിനീതും ധ്യാനും

Friday 13 June 2025 4:04 AM IST

അച്ഛനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയുമായി വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസൻ പ്രൊഡക്ഷൻസ് എന്നാണ് പേര്. ചിങ്ങം1 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ശ്രീനിവാസൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. പ്രണവ് മോഹൻലാൽ ആയിരിക്കും നായകൻ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയും ആലോചനയിലുണ്ട്. മറ്റു സംവിധായകർക്കും നവാഗതർക്കും ശ്രീനിവാസൻ പ്രൊഡക്ഷൻസ് അവസരം നൽകാനാണ് തീരുമാനം. ആരോഗ്യ കാരണത്താൽ അഭിനയരംഗത്തുനിന്ന് ഇടവേളയിലാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കണമെന്നാഗ്രഹം ഏറെ നാളായി വിനീതിനും ധ്യാനിനും ഉണ്ടായിരുന്നു. അതേസമയം നോബിൾ ബാബു തോമസ് നായകനാവുന്ന ആക്ഷൻ ചിത്രത്തിന്റെ സംവിധാന ജോലിയിൽ ആണ് വിനീത്. വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വിദേശത്ത് ആയിരുന്നു. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഷാൻ റഹ്മാൻ ആണ് സംഗീതം. ആദ്യമായാണ് വിനീത് ശ്രീനിവാസൻ ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിച്ച ഡിറ്റക്ടീവ് ഉജ്ജ്വലൻ മികച്ച വിജയമാണ് നേടിയത്.