തിരുവനന്തപുരം അംബാസമുദ്രം വഴി തിരുനെൽവേലിയിലേക്ക് ദേശീയപാത കേന്ദ്രാനുമതി കാത്ത് പദ്ധതി

Friday 13 June 2025 12:00 AM IST

തിരുവനന്തപുരം: തലസ്ഥാന വികസനത്തിന് ആക്കം കൂട്ടുന്ന, തിരുവനന്തപുരം അംബാസമുദ്രം വഴി തിരുനെൽവേലിയിലേക്കുള്ള ദേശീയപാത നിർമ്മാണ പദ്ധതിക്ക് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കേന്ദ്രാനുമതി ലഭിക്കുന്നില്ല.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായ തലസ്ഥാനത്ത് ഈ പദ്ധതി കൂടി വന്നാൽ വികസനം കുതിക്കും.

തിരുവനന്തപുരം,കാട്ടാക്കട,കോട്ടൂർ,അംബാസമുദ്രം വഴി തിരുനെൽവേലി വരെ ഒരു ദേശീയപാത നിർമ്മിക്കണമെന്നാണ് ആവശ്യം.

പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി 2013ൽ അന്നത്തെ എം.പിയായിരുന്ന ഡോ.എ. സമ്പത്തിന്റെ നേതൃത്വത്തിൽ,അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗിന് നിവേദനം നൽകിയിരുന്നു. 2017ൽ സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. വനത്തിലൂടെ 10 കിലോമീറ്ററോളം പാതയുള്ളതുകൊണ്ടാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയത്.

എന്നാൽ നാളിതുവരെയായിട്ടും പദ്ധതിക്ക് യാതൊരു അനക്കവുമില്ല. നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് തിരുവനന്തപുരം വികസനം ഫോറം സംഘടനയുടെ പ്രതിനിധി എം.വിജയകുമാർ നിവേദനം നൽകിയിട്ടുണ്ട്. 1979ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ.പങ്കജാക്ഷനും ഈ പദ്ധതിക്ക് വേണ്ടി പ്രവ‌ർത്തിച്ചിട്ടുണ്ട്.

65 കിലോമീറ്റർ ലാഭിക്കാം

തലസ്ഥാനവും തിരുനെൽവേലിയും തെക്കൻ ജില്ലകളിലെ പ്രധാന വ്യപാര കേന്ദ്രങ്ങളാണ്.ഇരുസ്ഥലത്തേക്കും പോകുന്ന വാഹനങ്ങൾ നാഗർകോവിൽ ചുറ്റിയാണ് സഞ്ചരിക്കുന്നത്. ഈ പാത യാഥാർത്ഥ്യമായാൽ 65 കിലോമീറ്റർ ലാഭിക്കാം.

10 കിലോമീറ്റർ ഭൂഗർഭ ടണൽ

പദ്ധതിയുടെ 10 കിലോമീറ്ററെങ്കിലും അംബാസമുദ്രത്തിനടുത്ത് വനമേഖലയാണ്.ഇതുവഴി ഭൂഗർഭ ടണൽ നിർമ്മിക്കേണ്ടിവരും. ഇതിനുള്ള ആഘാത പഠനത്തിനും കേന്ദ്രത്തിന് കേരള സ‌ർക്കാർ കത്തും നൽകിയിരുന്നു.

പദ്ധതി വന്നാൽ

ചരക്കുനീക്കം സുഗമമാകും

വിഴിഞ്ഞം - തൂത്തുക്കുടി തുറമുഖ കണക്ടിവിറ്റി

മധുര, ചെന്നൈ നഗരങ്ങളിലേക്ക് എളുപ്പമെത്താം

അനിവാര്യമായ പദ്ധതിയാണിതെന്നുള്ളത് കൊണ്ടാണ് മുൻകൈയെടുത്തത്.തമിഴ്നാട്ടിലേയ്ക്കുള്ള യാത്രദൂരം കുറയ്ക്കും,വൻ വികസനവും വരും.കേന്ദ്രം ഈ പദ്ധതിക്ക് മുൻഗണന നൽണം.

ഡോ.എ സമ്പത്ത് മുൻ എം.പി