സർക്കാർ കെെയൊഴിഞ്ഞു: ജനകീയ ഹോട്ടലുകൾക്ക് മരണമണി

Friday 13 June 2025 12:03 AM IST

വടക്കാഞ്ചേരി: സാധാരണക്കാരന് കുറഞ്ഞവിലയ്ക്ക് ഭക്ഷണം ഉറപ്പാക്കാൻ സർക്കാർ ആവിഷ്‌കരിച്ച ജനകീയ ഹോട്ടലുകൾക്ക് മരണമണി. ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി കുടുംബശ്രീകളെ ഏൽപ്പിച്ച പദ്ധതിയുടെ കടയ്ക്കൽ സർക്കാർ കത്തിവച്ചതോടെ ജനകീയ ഹോട്ടൽ ഏറ്റെടുത്ത വീട്ടമ്മമാർ കടക്കെണിയിലേക്ക് കൂപ്പുകുത്തി. ലക്ഷങ്ങളുടെ ബാധ്യതയിലാണ് പല കുടുംബശ്രീകളും. കൊവിഡ് കാലത്താണ് ജനകീയ ഹോട്ടലുകളുടെ പിറവി. 20 രൂപക്ക് ചോറും കറികളും, 25 രൂപയ്ക്ക് പാഴ്‌സൽ എന്നത് ആയിരങ്ങൾക്ക് ഗുണപ്രദമായി. സപ്ലൈകോ അരിയും സാധനങ്ങളും സബ്‌സിഡി നിരക്കിൽ നൽകി. കിലോ 10 രൂപ 90 പൈസയ്ക്കാണ് അരി ലഭിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഈ വിലയ്ക്ക് അരി നൽകാനാകില്ലെന്ന് സപ്ലൈകോ കുടുംബശ്രീകളെ അറിയിച്ചു. പൊതുമാർക്കറ്റിൽ നിന്ന് കിലോക്ക് 45 രൂപനൽകി അരി വാങ്ങിയായിരുന്നു പിന്നീട് ഭക്ഷണം നൽകിയിരുന്നത്. സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും 20 രൂപ എന്ന നിരക്ക് 30 രൂപയാക്കാനും പാഴ്‌സലിന് 35 രൂപ ഈടാക്കാനുമുള്ള അനുമതിയാണ് ലഭിച്ചത്. ഇത് പദ്ധതിയുടെ താളം തെറ്റിച്ചു. വാടകയും വൈദ്യുതി ബില്ലും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പല സ്ഥലത്തും നൽകുന്നില്ല. ഇപ്പോൾ മൂന്നുകൂട്ടം കറിയും അച്ചാറും സഹിതം ഊണു നൽകുന്നത് വലിയ നഷ്ടം സഹിച്ചാണ്. വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ ജനകീയ ഹോട്ടൽ പൂട്ടി. മുളങ്കുന്നത്തുകാവ് പഞ്ചായത്തിനോട് ചേർന്ന ഹോട്ടലും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

വലിയ അവകാശവാദത്തോടെ തുടക്കം

2019 - 20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കൊവിഡ് കാലത്താണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയും നിരക്കിലാണ് ഭക്ഷണം നൽകിയിരുന്നത്. 10 രൂപ വീതം ഒരു ഊണിന് സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡിയാണ് കാലങ്ങളായി കുടിശികയായിരിക്കുന്നത്. സർക്കാർ കെെയൊഴിഞ്ഞതോടെ വലിയ ബാധ്യത തലയിലായ അവസ്ഥയിലാണ് വനിതകൾ.