ജനനിബിഡം അക്കരെ സന്നിധി

Thursday 12 June 2025 10:09 PM IST

കൊട്ടിയൂർ: നിത്യപൂജാ ദിനങ്ങൾ ആരംഭിച്ചതോടെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം തുടരുന്നു. പ്രവൃത്തി ദിവസമായിട്ടും ഇന്നലെ രാവിലെ മുതൽ തന്നെ അക്കരെ സന്നിധിയിൽ ദർശനത്തിനെത്തിയവരുടെ നീണ്ട ക്യൂ കാണാമായിരുന്നു.വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് മുൻ വർഷങ്ങളിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചിരുന്നതെങ്കിൽ ഈ വർഷം ദർശന കാലം തുടങ്ങിയതു മുതൽ കൊട്ടിയൂരിൽ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്.

സുപ്രീം കോടതി ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ അക്കരെ കൊട്ടിയൂർ സന്ദർശിച്ചു.ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹം അക്കരെ സന്നിധിയിൽ എത്തിയത്. പെരുമാൾക്ക് പ്രധാന വഴിപാടായ സ്വർണ്ണക്കുടം പെരുമാൾക്ക് സമർപ്പിച്ച് അമ്മാറക്കൽ തറയിലും ദർശനം നടത്തിയ ശേഷം കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി അദ്ദേഹം ചർച്ച നടത്തി. മലബാർ ദേവസ്വംബോർഡ് കമ്മീഷണർ ടി.സി.ബിജു,പാരമ്പര്യ ട്രസ്റ്റിമാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ,പാരമ്പര്യേതര ട്രസ്റ്റി എൻ. പ്രശാന്ത്,തഹസിൽദാർ ചന്ദ്രശേഖരൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ,മാനേജർ നാരായണൻ, പേരാവൂർ എസ്. എച്ച്.ഒ പി.ബി - സജീവ് എന്നിവരും ഉണ്ടായിരുന്നു.

സുരക്ഷ വിലയിരുത്തി റൂറൽ എസ്.പി

കണ്ണൂർ റൂറൽ എസ്.പി അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെത്തി സുരക്ഷ വിലയിരുത്തി. ഇന്നലെ ഉച്ചയോടെയാണ് എസ്.പി അക്കരെ കൊട്ടിയൂരിൽ എത്തിയത്.പേരാവൂർ ഡിവൈ.എസ്.പി എം.പി.ആസാദ് , കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരും റൂറൽ എസ്. പി യോടൊപ്പം ഉണ്ടായിരുന്നു.തുടർന്ന് അക്കരെ പൊലീസ് കൈയാലയിൽ എത്തിയ അദ്ദേഹം മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ശ്രീകോവിന് പഥ്യം ഞെട്ടിപനയോലയും ഈറ്റയും

അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് മുകളിൽ താല്കാലിക ശ്രീകോവിൽ നിർമ്മാണം ആരംഭിച്ചു.ഈറ്റ,ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ് നിർമ്മാണം.ഇത്തരം വസ്തുക്കൾ മാത്രമെ ശ്രീകോവിൽ നിർമ്മാണത്തിനു ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് കൊട്ടിയൂരിലെ ആചാരം.വൈശാഖ മഹോത്സവ കാലത്ത് ശ്രീകോവിലിനു പുറമെ ഭണ്ഡാരത്തറ, തിടപ്പളളി, കൂത്തരങ്ങ് എന്നിവ കെട്ടി മേയുന്നതിനും ഞെട്ടിപ്പനയോലയാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ ഭാഗങ്ങളായ ശ്രീകോവിലും തിടപ്പള്ളിയും ഭണ്ഡാര അറയും പൂർണമായും വനവിഭവങ്ങൾ കൊണ്ട് നിർമ്മിക്കണമെന്നും അത് പച്ചപ്പുള്ളതായിരിക്കണമെന്നും പൂർവികർ നിശ്ചയിച്ച പ്രകാരം കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റിൽ മാത്രം കാണപ്പെടുന്ന ഞെട്ടിപ്പനയോല മാത്രം ഉപയോഗിച്ചാണ് ഈ ഭാഗങ്ങൾ മേയുന്നത്. ശ്രീകോവിൽ നിർമ്മാണം തിരുവോണം നാളിൽ പന്തീരടിക്കു മുമ്പായി പൂർത്തിയാക്കണമെന്നാണ് ചിട്ട.ഉത്സവാവസാനം ചിത്തിര നാളിൽ ശ്രീകോവിൽ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കും