മത്തി എത്തിത്തുടങ്ങി, തീരത്ത് ആശ്വാസം
അമ്പലപ്പുഴ :ചാകര തെളിഞ്ഞ തോട്ടപ്പള്ളിയിൽ വലിയ മത്തി ലഭിച്ചുതുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ സന്തോഷത്തിൽ. തോട്ടപ്പള്ളിക്കും പുറക്കാടിനും ഇടയിൽ ചാകര തെളിഞ്ഞ ആദ്യദിനം ചെമ്മീനും വേളൂരിയും കരിനന്ദനുമാണ് ലഭിച്ചതെങ്കിൽ ഇന്നലെ മുതലാണ് വളർച്ചയെത്തിയ മത്തി ലഭിച്ചു തുടങ്ങിയത്. തുടക്കത്തിൽ തോട്ടപ്പള്ളി ഹാർബറിൽ കിലോയ്ക്ക് 240രൂപയായിരുന്നു മത്തിയ്ക്ക് വിലയെങ്കിൽ പിന്നീടത് 120രൂപയായി ഇടിഞ്ഞു.
കഴിഞ്ഞ ഒരുവർഷമായി വളർച്ച മുരടിച്ച ചെറിയ മത്തിയാണ് ലഭിച്ചിരുന്നത്. മത്തിയ്ക്ക് വളർച്ച എത്തിയതോടെയാണ് ആവശ്യക്കാരും കൂടിയത്. ജില്ലയുടെ നാനാഭാഗത്തു നിന്ന് നൂറുകണക്കിന് ചെറുതുംവലുതുമായ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നത്. നീട്ടുവല വിഭാഗത്തിൽപ്പെട്ട വള്ളങ്ങൾക്കാണ് കൂടുതലായും മത്തി ലഭിച്ചത്. പുന്നപ്ര,പറവൂർ തീരങ്ങളുടെ പടിഞ്ഞാറ് കടലിലാണ് വല നീട്ടുന്നത്. ഒരാൾ തുഴയുന്നപൊന്തു വള്ളങ്ങൾ പുറക്കാട് നിന്നാണ് കടലിൽ ഇറക്കുക. മറ്റു തീരങ്ങളിൽ കടൽ ശക്തമായതിനാൽ പെട്ടി ഓട്ടോയിലും, മറ്റു വാഹനങ്ങളിലുമായി നിരവധി പൊന്തുകളാണ് പുറക്കാട് എത്തിച്ചത്. ഇവർക്കു മത്തി കൂടാതെ ചെറിയ അയല, പൊടിമീൻ തുടങ്ങിയവയും ലഭിച്ചു.
കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നറുകളെ ഭയന്ന് തീരത്തു നിന്ന് കൂടുതൽ ദൂരത്തേക്ക് വള്ളക്കാർ പോകുന്നില്ല. കണ്ടെയ്നറിൽ വല ഉടക്കിയാൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും. ആഴക്കുറവും മണലും ചെളിയും കാരണവും ലൈലാൻഡ് പോലുള്ള വലിയ വള്ളങ്ങൾക്കു തോട്ടപ്പള്ളി ഹാർബറിൽ കയറാൻ പറ്റാത്ത സ്ഥിതിയാണ്. മത്സ്യവുമായി നടുക്കടലിൽ നങ്കൂരമിടുന്ന വലിയ വള്ളങ്ങളിൽ നിന്നു കാരിയർ വള്ളങ്ങളിലാണ് വിൽപ്പനയ്ക്ക് മീൻ കരയെത്തിക്കുന്നത്. ഹാർബറിൽ തിങ്ങി കൂടിക്കിടക്കുന്ന വള്ളങ്ങൾ കാറ്റടിക്കുമ്പോൾ പരസ്പരം കൂട്ടിയിടിച്ച് കേടുപാടുകളുമുണ്ടാകും .