വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് 'കഞ്ചാവ് മിഠായി '
ആലപ്പുഴ : പുതിയ അദ്ധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലയിൽ കഞ്ചാവ് മിഠായികൾ വിപണിയിലെത്തി തുടങ്ങി. കഴിഞ്ഞദിവസം ആലപ്പുഴ വഴിച്ചേരി ഭാഗത്തെ പെട്ടിക്കടയിൽ നിന്ന് പൊലീസ് ഇത്തരം മിഠായികൾ പിടിച്ചെടുത്തിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന കഞ്ചാവ് മിഠായിയുടെ പാക്കറ്റുകളിൽ ഹിന്ദിയിലാണ് പേരുൾപ്പടെ രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവെച്ചാണ് മിഠായി എത്തുന്നതെന്നാണ് കരുതുന്നത്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂളുകൾക്ക് സമീപത്തുള്ള കടകളിലെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിന്റെ സേവനവും ഉറപ്പുവരുത്തുന്നുണ്ട്.
പേടി കൂടി, വിൽപ്പന കുറഞ്ഞു
പ്രതിരോധ നടപടികൾ ഊർജ്ജിതമായതോടെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ
വില്പനക്കാരിലേക്ക് സ്റ്റോക്കെത്തിയാലും കുട്ടികൾക്കിടയിൽ വിപണി കണ്ടെത്താനുള്ള സാധ്യതകൾ കുറഞ്ഞുവെന്നാണ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്
സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നതും ലഹരിവ്യാപനത്തിന് തടയിടുന്നുണ്ട്
ഓൺലൈൻ ട്രേഡിംഗ് ആപ്പുകൾ വഴി കഞ്ചാവ് വില്പന നടക്കുന്നുണ്ടോയെന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്
എല്ലാ വിഭാഗം ആളുകൾക്കും ശക്തമായ ബോധവത്ക്കരണം നൽകുന്നുണ്ട്. ജാഗ്രതാസമിതികൾ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്
- മനോജ് കൃഷ്ണേശ്വരി, എക്സൈസ് പ്രിവന്റീവ് ഓഫീസർ