ഭീതിപരത്തി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

Friday 13 June 2025 3:20 AM IST

ശ്രീകാര്യം: കഴക്കൂട്ടത്തെ റോഡുകളിലൂടെയുള്ള ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ ജനങ്ങളെ ഭയപ്പെടുത്തുന്നു. സ്കൂളുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽപ്പോലും, എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് ലോറികളുടെ മരണപ്പാച്ചിൽ. ടിപ്പർ ലോറികളെ നിയന്ത്രിക്കേണ്ട പൊലീസാകട്ടെ ഇവർക്ക് വേണ്ട ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം. സ്കൂൾ സമയത്ത് ഓടാൻ പാടില്ലെന്ന നിയന്ത്രണം ഉൾപ്പെടെ കാറ്റിൽപ്പറത്തിയാണ് മരണപ്പാച്ചിൽ. കഴക്കൂട്ടം മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രിയോ പകലോ വ്യത്യാസമില്ലാതെയാണ് ലോറികൾ ഓടുന്നത്. സ്കൂൾ ബസുകളെ കടത്തിവിടാതെ പായുന്ന ടിപ്പർ ലോറികൾ ഏതു സമയത്തും അപകടങ്ങൾ ക്ഷണിച്ചുവരുത്തും. സ്കൂളുകൾക്ക് മുന്നിൽ പോലും വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള അവസരം ചില ഡ്രൈവർമാർ നൽകാറില്ലെന്നും പരാതിയുണ്ട്. ടാർപ്പകൊണ്ട് പൂർണമായി മൂടാതെ മണ്ണ് ഉൾപ്പെടെ ഓവർലോഡുമായി ചീറിപ്പായുന്ന ലോറികൾ മറ്റ് വാഹനങ്ങളെ അപകടത്തിലാക്കുന്നു. ഇതിനെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.