പരാതിക്കാരിയെ ജയിലിലടച്ച സംഭവം: അന്വേഷണം തുടങ്ങി

Friday 13 June 2025 3:28 AM IST

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പരാതി നൽകാനെത്തിയ യുവതിയെ, മ്യൂസിയം പൊലീസ് അനധികൃതമായി കേസിൽ കുടുക്കി 22 ദിവസം ജയിലിൽ അടച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി.ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ടി.ഫറാഷിനാണ് അന്വേഷണച്ചുമതല. കമ്മിഷണർ തോംസൺ ജോസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും വള്ളക്കടവ് സ്വദേശിയുമായ ഹിന്ദ് ലിയാഖത്ത് അലി (27) നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. മ്യൂസിയം പൊലീസിന്റെ നടപടി സംശയകരമാണെന്നും അന്വേഷണം വേണമെന്നും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു.

ഹിന്ദിന്റെ പരാതിയിൽ കേസെടുത്തില്ല

ആധാരവും ചെക്കും ഇടനിലക്കാരൻ തട്ടിയെടുത്തെന്ന ഹിന്ദ് ലിയാഖത്ത് അലിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തില്ല. രണ്ടു കക്ഷികൾ തമ്മിലുള്ള കരാർ ലംഘനമാണ് നടന്നതെന്നും അത് സിവിൽ മാറ്ററായതിനാൽ പൊലീസിന് കേസെടുക്കാനാവില്ലെന്നുമാണ് പൊലീസ് നിലപാട്. ഇത് കോടതിയിൽ തീർപ്പാക്കേണ്ട കേസാണെന്നും പൊലീസ് പറയുന്നു.