ദുരന്തത്തിൽ നടുങ്ങി ബ്രിട്ടനും
ലണ്ടൻ: 50ലേറെ പൗരന്മാരെ വിമാന ദുരന്തത്തിൽ നഷ്ടമായതിന്റെ ഞെട്ടലിലാണ് ബ്രിട്ടൻ. ഇന്നലെ രാത്രി ഇന്ത്യൻ സമയം 10.55ന് ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് അഹമ്മദാബാദിൽ കത്തിയമർന്നത്. മരിച്ച ബ്രിട്ടീഷ് പൗരന്മാരിൽ ഏറെയും ഗുജറാത്ത് വംശജരാണെന്നാണ് റിപ്പോർട്ട്. 53 ബ്രിട്ടീഷ് പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ വിശ്വാസ് കുമാർ രമേശ് എന്ന ബ്രിട്ടീഷ് പൗരൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
2001ലെ ഭുജ് ഭൂകമ്പത്തിന് ശേഷം തങ്ങളുടെ സമൂഹം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് അഹമ്മദാബാദിലുണ്ടായതെന്ന് അപകട വിവരമറിഞ്ഞ് ഗാറ്റ്‌വികിൽ എത്തിയ ബ്രിട്ടീഷ്-ഗുജറാത്തി വംശജർ പറഞ്ഞു. അവധിയാഘോഷിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനുമായി ഇന്ത്യയിലെത്തിയ ശേഷം മടങ്ങിയവരാണ് ദുരന്തത്തിനിരയായവരിൽ ഏറെയും. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കായി വിമാനത്താവളത്തിൽ പ്രത്യേക സെന്റർ തുറന്നു.
വിവരങ്ങൾ ശേഖരിക്കുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ഇന്ത്യയിലും ബ്രിട്ടനിലുമായി പ്രത്യേക ടീമുകളെ നിയോഗിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് എംബസി ഏകോപനത്തിന് നേതൃത്വം നൽകുന്നു. തിരിച്ചറിയൽ നടപടികൾ പൂർത്തിയായശേഷമേ മരിച്ചവരുടെ വിവരങ്ങൾ ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പുറത്തുവിടൂ.
അപകടത്തിൽപ്പെട്ട ബ്രിട്ടീഷ് പൗരന്മാർക്കും കുടുംബാംഗങ്ങൾക്കുമായി ഇന്ത്യയിലെ അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
'ഗുഡ് ബൈ ഇന്ത്യ...'
'ഗുഡ് ബൈ ഇന്ത്യ...' ഇന്നലെ ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് സമൂഹ മാദ്ധ്യമ പോസ്റ്റിലൂടെ സന്തോഷം പങ്കിടുമ്പോൾ ഒരു ദുരന്തത്തിലേക്കാണ് താൻ യാത്രയാകുന്നതെന്ന് ബ്രിട്ടീഷ് പൗരനായ ജാമി മീക്ക് അറിഞ്ഞിരുന്നില്ല. ജീവിത പങ്കാളി ഫിയോൻഗൽ ഗ്രീൻലോ-മീക്കിനൊപ്പമാണ് ജാമി ഇന്ത്യയിലെത്തിയത്. യോഗയുടെ ആരാധകനായ ജാമി, ഗ്രീൻലോയ്ക്കൊപ്പം ഗുജറാത്ത് ചുറ്റിക്കറങ്ങി. മനോഹരമായ യാത്രയുടെ ഓരോ നിമിഷങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. ഇന്ത്യയിൽ ചെലവഴിച്ച സമയത്തെ മാന്ത്രിക അനുഭവം എന്നാണ് ജാമി വിശേഷിപ്പിച്ചിരുന്നത്.
''അഹമ്മദാബാദിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതാണ്. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ് എന്റെ ചിന്തകൾ
-കിയർ സ്റ്റാമർ,
ബ്രിട്ടീഷ് പ്രധാനമന്ത്രി