30 സെക്കൻഡിനകം എല്ലാം സംഭവിച്ചു: രക്ഷപ്പെട്ട യാത്രക്കാരൻ

Friday 13 June 2025 7:14 AM IST

ന്യൂഡൽഹി: ടേക്ക് ഒാഫ് ചെയ്‌ത് 30 സെക്കൻഡിനുള്ളിൽ തന്നെ വിമാനം തകർന്നു വീണെന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസ് കുമാർ ബുചർവാദ(40) പറയുന്നു. നെഞ്ചിനും മുഖത്തും പരിക്കേറ്റ ഇദ്ദേഹം അഹമ്മദാബാദിലെ അസർവ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാഗ്യം രമേശിനെ തുണച്ചെങ്കിലും സഹോദരൻ അജയ് കുമാർ അപകടത്തിൽ കൊല്ലപ്പെട്ടു.

എല്ലാം പെട്ടെന്നായിരുന്നു. അപകടത്തിന് ശേഷം ഒാർമ്മ വീണ്ടെടുത്തപ്പോൾ ചുറ്റും മൃതദേഹങ്ങൾ കൂടിക്കിടക്കുന്നു. അവയും വിമാനഭാഗങ്ങളും വകഞ്ഞു മാറ്റി പുറത്തേക്ക് ഒാടി. അതിനിടെ ആരോ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുവന്നു- രമേശ് കുമാർ സംഭവങ്ങൾ ഒാർത്തെടുത്തു.

രമേശ് 11 എ സീറ്റിലും സഹോദരൻ 11 ജെ സീറ്റിലുമാണ് ഇരുന്നത്. രക്ഷപ്പെട്ട് പുറത്തെത്തിയ ഉടൻ സഹോദരനെ തിരഞ്ഞെങ്കിലും കണ്ടില്ല. രക്ഷാപ്രവർത്തകരോടും സഹോദരനെ കണ്ടെത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം 20 വർഷമായി ലണ്ടനിലാണ് താമസം.

കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയുടെ മൃതദേഹം കണ്ടെത്താൻ കുടുംബാംഗങ്ങളും തിരച്ചിലിന് എത്തിയിരുന്നു.