അഹമ്മദാബാദിൽ അന്ന് നഷ്ടമായത് 133 ജീവനുകൾ
അഹമ്മദാബാദ്: 37 വർഷങ്ങൾക്ക് മുമ്പ് സമാനമായ അപകടത്തിന് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. 1988 ഒക്ടോബർ 19നുണ്ടായ വിമാനാപകടത്തിൽ 133 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മുംബയിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് എ.ഐ 113 ലാൻഡ് ചെയ്യാനൊരുങ്ങവെയായിരുന്നു അപകടം. ഇന്ത്യയിലുണ്ടായിട്ടുള്ള വലിയ നാലാമത്തെ വിമാനാപകടം. വിമാനത്തിന്റെ കാലപ്പഴക്കമായിരുന്നു അപകട കാരണം. മുംബയിൽനിന്ന് രാവിലെ 5.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737-200 (VT-EAH) വിമാനം ഒരു യാത്രക്കാരൻ വൈകിയതിനാൽ 20 മിനിറ്റോളം വൈകി 6.05നാണ് പുറപ്പെട്ടത്. 15 മിനിറ്റിനുശേഷം,വിമാനത്തിൽ നിന്നുള്ള കാഴ്ചാപരിധി 3.7 മൈലിൽനിന്ന് 1.8 മൈലായി കുറഞ്ഞു. കാലാവസ്ഥ റിപ്പോർട്ടിനായി പൈലറ്റ് അഹമ്മദാബാദ് വിമാനത്താവളവുമായി ബന്ധപ്പെട്ടു. 6.32ന് വിമാനം 15,000 അടിയിലേക്ക് താഴ്ത്താൻ എയർട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകി. കാഴ്ചാപരിധി 1.2 മൈലിലെത്തിയപ്പോൾ റൺവേ 23ൽ ലാൻഡ് ചെയ്യാൻ പൈലറ്റ് തീരുമാനിച്ചു. പിന്നീടുണ്ടായത് അതിദാരുണ ദുരന്തം. വിമാനത്തിന്റെ വേഗം മണിക്കൂറിൽ 300 കിലോമീറ്ററായിരുന്നു. സാധാരണ വേഗത്തിൽനിന്ന് വളരെ കൂടുതലായിരുന്നു അത്. കാഴ്ച വ്യക്തമല്ലെങ്കിൽ വിമാനം 500 അടിയിൽനിന്ന് താഴ്ത്താൻ പാടില്ലാത്തതാണ്. എന്നാൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഫീൽഡ് കൃത്യമായി കാണാൻ പൈലറ്റ് ശ്രമിച്ചപ്പോൾ വിമാനം നിശ്ചിത ഉയരത്തിൽനിന്ന് താഴ്ന്നു എന്നാണ് വിവരം. നിയന്ത്രണം വിട്ട് മരങ്ങളിലും വൈദ്യുതിത്തൂണുകളിലും ഇടിച്ച വിമാനം അഹമ്മദാബാദിനടുത്തുള്ള ചിലോഡ കൊട്ടാർപുർ ഗ്രാമത്തിനു സമീപം തകർന്നുവീണു. വിമാനത്തിൽ 129 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. രണ്ടു യാത്രക്കാർ മാത്രമാണ് രക്ഷപ്പെട്ടത്.