കുക്കിയും മെയ്തിയുമാണ്.. ദുരന്തത്തിൽ നഷ്ടപ്പെട്ട സൗഹൗദം
അഹമ്മദാബാദ്: ദുരന്തത്തിൽ നഷ്ടമായവരിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഹോസ്റ്റസുമാരും. വംശീയ കലാപം കത്തിപ്പടർന്ന മണിപ്പൂരിലെ കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണവർ. ഉറ്റ സുഹൃത്തുക്കൾ. നംഗതോയ് ശർമ്മ കോങ്ബ്രയ്ലാത്പം (22), ലാനൂംതെം സിങ്സൺ (28) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടെ 10 ജീവനക്കാരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.ഇംഫാൽ താഴ്വരയിലെ തൗബാൽ ജില്ലയാണ് നംഗതോയ് ശർമ്മയുടെ സ്വദേശം. ഇവർ മെയ്തി വിഭാഗത്തിൽപ്പെട്ടതാണ്. കങ്‌പോക്പി ജില്ലയിൽനിന്ന് വരുന്ന ലാനൂംതെം സിങ്സൺ കുക്കി വിഭാഗക്കാരിയും. ദുരന്തവാർത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നംഗതോയ് ശർമ്മയുടെ വീട്ടിലെത്തിയിരുന്നു. രാവിലെ ഒമ്പതിനാണ് നംഗതോയ് അവസാനമായി വീട്ടുകാരോട് സംസാരിച്ചത്.
ലാനൂംതെം സിങ്സണിന്റെ കുടുംബത്തെ കുറിച്ച് വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല. വംശീയ കലാപത്തെ തുടർന്ന് ഇവരുടെ കുടുംബം പാലായനം ചെയ്തുവെന്ന് മാത്രമാണ് ഒടുവിൽ ലഭിച്ച വിവരം.