പൈലറ്റിന്റെയും കോ പൈലറ്റിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; പ്രധാനമന്ത്രി ദുരന്തഭൂമിയിലേക്ക്

Friday 13 June 2025 7:28 AM IST

അഹമ്മദാബാദ്: വിമാനാപകടത്തിൽ മരിച്ച പൈലറ്റിന്റെയും കോ പൈലറ്റിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ 294 പേർ മരണമടഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 265 മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഉടൻ ഡി എൻ എ സാമ്പിളുകൾ നൽകണമെന്ന് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുന്നൂറ് സാമ്പിളുകളാണ് ഇതുവരെ ലഭിച്ചത്.

വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഇന്ന് ഗുജറാത്തിലേക്ക് പോകും. ഡി എൻ എ പരിശോധനയ്ക്കായി ഇളയ സഹോദരൻ അഹമ്മദാബാദിലെത്തും.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിലെത്തും. അപകടസ്ഥലവും പരിക്കേറ്റ് ചികിത്സയിലുള്ളവരെയും സന്ദർശിക്കും. അപകട കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എൻ ഡി ആർ എഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് സംഭവ സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണവുമായി അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സഹകരിക്കും.

അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് രാജ്യം നടുങ്ങിയ അപകടം ഉണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സമീപത്തുള്ള ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും ജീവൻ നഷ്ടമായി. പരിക്കേറ്റ അറുപതോളം വിദ്യാർത്ഥികൾ ചികിത്സയിലാണ്. മരിച്ചവരിൽ 24 പ്രദേശവാസികളും ഉൾപ്പെടുന്നു.

രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു.