വിജയ് രൂപാണി: ജനപ്രിയ നേതാവ്
ന്യൂഡൽഹി: ദുരന്തം ഉണ്ടായതിന് പിന്നാലെ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും എം.പിയുമായ വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന വാർത്ത വന്നു. 12.10ന് അദ്ദേഹം വിമാനത്തിൽ കയറിയെന്നും ബിസിനസ് ക്ളാസിൽ 2ഡി സീറ്റിലാണ് ഇരുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് പിന്നീട് കേട്ടത്.
ഇതിനിടെ രാജ്‌കോട്ടെ വസതിയിലേക്ക് നേതാക്കൾ അടക്കം പ്രവഹിച്ചു തുടങ്ങി. വൈകാതെ അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു. ലണ്ടനിൽ താമസിക്കുന്ന മകൾ രാധികയെ കാണാനുള്ള യാത്രയായിരുന്നു അത്.
2016 ആഗസ്റ്റ് മുതൽ 2021 സെപ്‌തംബർവരെ ഗുജറാത്തിന്റെ 16-ാമത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. താഴെത്തട്ടിൽ നിന്നുയർന്നു വന്ന ജനപ്രിയ നേതാവ്. ഇന്നത്തെ മ്യാൻമാറിലാണ് രൂപാണി ജനിച്ചത്. അവിടത്തെ രാഷ്‌ട്രീയ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ഗുജറാത്തിലെ രാജ്‌കോട്ടിലക്ക് കുടിയേറുകയായിരുന്നു.
ഗുജറാത്തിലെ പഠന കാലത്ത് എ.ബി.വി.പിയിലും പിന്നീട് ആർ.എസ്.എസിലും സജീവമായിരുന്നു. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിലും പ്രവർത്തിച്ചു. 1966ൽ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ പദവിയിലൂടെയാണ് രാഷ്‌ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് സംസ്ഥാന ബി.ജെ.പിയിൽ സ്വാധീനമുറപ്പിച്ചു. 2006ൽ രാജ്യസഭാംഗമായി.
2014ൽ രാജ്കോട്ടിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തി. നരേന്ദ്രമോദിയുടെ പിൻഗാമിയായ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ അംഗമായി. ഗുജറാത്തിലെ പാർട്ടി ആധിപത്യം നിലനിറുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര നേതൃത്വം 2016 ഫെബ്രുവരിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി നൽകി. ആഗസ്റ്റിൽ ആനന്ദി ബെൻ പട്ടേൽ രാജിവച്ചപ്പോൾ ആ സ്ഥാനത്തേക്ക് പാർട്ടി ദേശീയ നേതൃത്വത്തിന് മറ്റാരെയും ആലോചിക്കേണ്ടി വന്നില്ല.
2017 നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്കോട്ടിൽ നിന്ന് വീണ്ടും ജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. എന്നാൽ, ഒാഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് 2021 സെപ്‌തംബറിൽ രാജിവയ്ക്കേണ്ടിവന്നു. ബി.ജെ.പി നേതാവായ അഞ്ജലിയാണ് ഭാര്യ. മകൻ: റുഷഭ്.