ഇറാനെതിരായ ഇസ്രയേൽ ആക്രമണം: എണ്ണവില കുതിച്ചുയരുന്നു, സൈനിക നടപടി തുടർന്നാൽ കാര്യങ്ങൾ കൈവിടും
ന്യൂഡൽഹി: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതോടെ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 77.77 ഡോളറിലെത്തി. 13 ശതമാനമാണ് വില ഉയർന്നത്.സംഘർഷത്തെ തുടർന്ന് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 12.6 ശതമാനം ഉയർന്ന് ബാരലിന് 76.61 ഡോളർ നിലവാരത്തിലുമെത്തി.
ആക്രമണം ഇനിയും തുടരുമെന്ന ഇസ്രയേൽ പ്രഖ്യാപനം കൂടി എത്തിയതോടെ എണ്ണവില കാര്യമായ തോതിൽ വർദ്ധിക്കാനാണ് സാദ്ധ്യത. എണ്ണ വിതരണ സംവിധാനങ്ങൾക്ക് നേരേ ആക്രമണം ഉണ്ടായാൽ സ്ഥിതി കൂടുതൽ വഷളാകും. ഇപ്പോൾ അത്തരത്തിലുള്ള ആക്രമണം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇറാൻ തിരിച്ചടിക്കാൻ തുടങ്ങിയാൽ സ്ഥിതിഗതികൾ കൈവിട്ട അവസ്ഥയിലാകും.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന് കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. റവല്യൂഷണറി ഗാർഡ് തലവൻ ഹുസൈൻ സലാമിയെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികൾ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ റൈസിംഗ് ലയൺസ്' എന്ന പേരിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഇറാന്റെ ആണവ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രങ്ങൾ, സൈനിക ശേഷി എന്നിവ തകർക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നൈതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെഹ്റാനിൽ നിന്ന് പ്രതികാര നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.