അഹമ്മദാബാദ് വിമാനാപകടം: നോവായി ഡോക്ടർ ദമ്പതികളുടെ അവസാന സെൽഫി

Friday 13 June 2025 10:47 AM IST

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ അവശേഷിച്ച അവശിഷ്ടങ്ങൾക്കിടയിൽ രാജസ്ഥാനിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ ഉള്ളുലയ്ക്കുന്ന അവസാന സെൽഫിയും. ഉദയ്പൂർ ആശുപത്രിയിലെ ജോലി രാജി വച്ച് ഡോ. കോമി വ്യാസ് ‌ഭർത്താവ് ഡോ. പ്രതീക് ജോഷിക്കൊപ്പം മൂന്ന് കുരുന്നുകളുമായി ലണ്ടൻ സ്വപ്നങ്ങളുമായി പറന്നുയരുമ്പോഴാണ് വിമാനദുരന്തത്തിന് ഇരയായത്. പ്രതീക് ജോഷിയും ഉദയ്പൂരിലെ തന്റെ ഭാര്യ ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലാണ് മുമ്പ് ജോലി ചെയ്തിരുന്നത്.

വിമാനത്തിൽ നിന്ന് എടുത്ത സെൽഫിയിൽ പ്രതീക് ജോഷിയും ഭാര്യ കോമി വ്യാസും തൊട്ടപ്പുറത്തെ സീറ്റിൽ അവരുടെ മൂന്ന് കുരുന്നുകളും ഇരിക്കുന്നത് കാണാം. ഇരട്ട കുട്ടികളായ നകുലിനും പ്രദ്യുതിനും അഞ്ച് വയസ്സായിരുന്നു. മൂത്ത മകൾ മിറായയ്ക്ക് എട്ട് വയസും. ആറ് വർഷമായി ലണ്ടനിൽ താമസിക്കുകയായിരുന്നു പ്രതീക് ജോഷി. ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊത്ത് വിദേശത്ത് ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന വളരെക്കാലമായുളള സ്വപ്നവുമായി പറന്നുയരുമ്പോഴാണ് നിമിഷങ്ങൾക്കുള്ളിൽ ചാരമായി തീർന്നത്.

ലണ്ടനിലേക്കുള്ള യാത്രയ്ക്ക് ഇന്നലെയാണ് അവർ രാജസ്ഥാനിലെ ബൻസ്വാരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയത്. ഭാര്യയെയും കുട്ടികളെയും കൂടെ കൊണ്ടുപോകാൻ രണ്ട് ദിവസം മുമ്പ് പ്രതീക് ഇവിടെ എത്തിയിരുന്നു. ദമ്പതികളെയും കുട്ടികളെയും യാത്ര അയക്കുന്നതിനായി ഇരുവരുടെയും കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. പത്ത് വർഷം മുമ്പാണ് പ്രതീക് ജോഷിയും കോമിയും വിവാഹിതരായത്. ജോഷിക്ക് ഒരു സഹോദരിയുമുണ്ട്. അവർ എഞ്ചിനീയറാണ്.

ഇന്നലെ ഉച്ചയ്ക്ക് 1.38 നാണ് എയർ ഇന്ത്യയുടെ 171 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ താഴേക്ക് പതിച്ച് തീഗോളമായി മറിയത്. 230 യാത്രക്കാരും 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരുമുൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 270 പേർ കൊല്ലപ്പെട്ടു.