അഹമ്മദാബാദിൽ തകർന്നത് ബോയിംഗിന് പകരം എയർബസ് വിമാനമെന്ന് ഗൂഗിൾ എഐ, വിവാദം

Friday 13 June 2025 11:26 AM IST

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ വിവരം പങ്കുവയ്‌ക്കുന്നതിൽ ഗൂഗിൽ എഐയ്‌ക്ക് പിശക് സംഭവിച്ചു. അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ നിർമ്മാതാക്കളുടെ പേരാണ് തെറ്റായി നൽകിയത്. ഈ വിവരം ഒരു റെഡി‌റ്റ് യൂസർ പങ്കുവച്ചതോടെ സംഭവം ചർച്ചയായി. എയർബസ് നിർമ്മിത വിമാനമാണ് തകർന്നതെന്നാണ് ഗൂഗിൾ എഐ ആദ്യം വിവരം പങ്കുവച്ചത്. എന്നാൽ സത്യത്തിൽ ഇത് ബോയിംഗ് 787-8 ഡ്രീംലൈനർ വിഭാഗം വിമാനമാണ്.

'ഇന്ത്യയിൽ തകർന്നുവീണത് ഒരു എയർബസിന്റെ എയർക്രാഫ്‌റ്റ് ആണെന്ന് ഗൂഗിൾ കാണിക്കുന്നു. ഇതെങ്ങനെ അനുവദിക്കും?' സ്‌ക്രീൻഷോട്ട് പങ്കുവച്ച് ഒരു യൂസർ ചോദിക്കുന്നു. ലാസ്റ്റ് എയർബസ് ഫേറ്റൽ ക്രാഷ് എന്ന ചോദ്യത്തിന് ഈ തെറ്റായ ഉത്തരം നൽകിയിരുന്നു.

'ഏറ്റവും ഒടുവിലുണ്ടായ പ്രധാന എയർബസ് അപകടം ജൂൺ 12 വ്യാഴാഴ്‌ച ഇന്ത്യയിലുണ്ടായതാണ്.ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണു. നിരവധി യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും മരണത്തിന് ഇടയായി. ലണ്ടനിലേക്ക് പോകുകയായിരുന്ന എയർബസ് എ330-243 ആണ് തകർന്നത്. 242 പേർ വിമാനത്തിലുണ്ടായിരുന്നു.' ഗൂഗിൾ എഐ നൽകിയ മറുപടി ഇതായിരുന്നു.

ഒരു വിവരം തെറ്റായി റിപ്പോർട്ട് ചെയ്യുന്നതാണിതെന്നും ഗൂഗിളിനെതിരെ എയർബസ് നിയമനടപടിയിലേക്ക് പോകണമെന്നും ചിലർ ഇതിന് കമന്റായി കുറിച്ചിട്ടുണ്ട്. സംഗതി വിവാദമായതോടെ ഗൂഗിൾ വിവരങ്ങൾ തിരുത്തി. 'എല്ലാ സെർച്ച് ഫീച്ചറുകളും പോലെ ഇതിലും ഞങ്ങൾ കർശനമായി മെച്ചപ്പെടുത്തലുകൾ വരുത്തുകയും ഇത്തരം ഉദാഹരണങ്ങൾ ഉപയോഗപ്പെടുത്തി ഞങ്ങളുടെ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാനും ശ്രമിക്കും.' വിഷയത്തിൽ തിരുത്തൽ വരുത്തിയ ശേഷം ഗൂഗിൾ പ്രതികരിച്ചു. എയർ ഇന്ത്യ വിമാനം എഐ-171 ആണ് അഹമ്മദാബാദിൽ തകർന്നുവീണത്. ഈ സമയം 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 241 പേരും മരിച്ചു. ഒരേയൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.