ഹെയർ ഡൈ വേണ്ട, മുടി കറുത്ത് തന്നെയിരിക്കും; ഇത്രമാത്രം ചെയ്താൽ മതി

Friday 13 June 2025 12:34 PM IST

പണ്ട് കാലത്ത് അൻപത് വയസ് പിന്നിട്ടവർക്കായിരുന്നു കൂടുതലായി മുടി നരച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ പതിനഞ്ചും ഇരുപതും വയസുള്ളവർക്ക് വരെ മുടി നരക്കാൻ തുടങ്ങി. സ്ട്രസ് അടക്കമുള്ള പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നരയെ മറക്കാനായി മിക്കവരും ഹെയർഡൈയേയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് ശാശ്വതമല്ല. ആഴ്ചയോ രണ്ടാഴ്ചയോ കൂടുമ്പോൾ ഡൈ ചെയ്യേണ്ടിവരും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.

തൈറോയിഡും, പിസിഒഡിയുമടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ മുടി കൊഴിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇലക്കറികൾ, മുട്ട, നട്സ്, ചെറുപയർ, വൻപയർ, മുട്ട, പാൽ, തൈര്, പഴക്കറികൾ ഇതിലൊക്കെയാണ് കൂടുതൽ പോഷകങ്ങളുള്ളത്. ഇവയുടെ അളവ് ഭക്ഷണത്തിൽ കുറയരുത്. അങ്ങനെയുണ്ടായാൽ മുടികൊഴിച്ചിലും നരയുമൊക്കെ ഉണ്ടാകും.

അതുകൊണ്ടുതന്നെ പോഷക സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രമിക്കുക. ദിവസവും എന്തെങ്കിലുമൊരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ ‌ഡിയുടെ കുറവുണ്ടോയെന്ന് പരിശോധിക്കണം.

ഡയറ്റ് ചെയ്യുമ്പോൾ പുട്ട്, ഇടിയപ്പം, അട, കപ്പ, ചോറ് ഇവയുടെ അളവാണ് ക്രമീകരിക്കേണ്ടത്. മദ്യപാനമാണ് മറ്റൊരു വില്ലൻ. മദ്യപിക്കുമ്പോൾ ശരീരത്തിലെ ജലാംശം വലിയരീതിയിൽ വലിച്ചെടുക്കും. ഇതുമൂലം ഡിഹൈഡ്രേഷൻ വരും. ഇങ്ങനെയുണ്ടായാൽ മുടി കൊഴിച്ചിലും അകാലനരയും ഉണ്ടാകും. പുകവലി ഒഴിവാക്കുക. ഉറക്കക്കുറവാണ് അടുത്ത പ്രശ്നം. എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. എന്തെങ്കിലും തരത്തിലുള്ള മരുന്ന് കഴിക്കുമ്പോൾ ചിലപ്പോൾ അത് മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.