വലിയ കാര്യങ്ങൾക്ക് പുറകേ പോകാതെ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കൂ, നിങ്ങൾക്ക് എന്നും സന്തോഷിക്കാം

Friday 13 June 2025 1:18 PM IST

ഒരു ജന്മത്തിലെ സ്വപ്നമാണ് വീട് എന്ന് പൊതുവെ പറയാറുണ്ട്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും ലോണെടുത്തുമാണ് ഒട്ടുമിക്കവരും വീടുനിർമ്മിക്കുന്നത്. അങ്ങനെ നിർമ്മിക്കുന്ന വീട് ഏറ്റവും സുരക്ഷിതവും ഐശ്വര്യത്തെ തരുന്നതാകണമെന്നും ആരാണ് ആഗ്രഹിക്കാത്തത്. വാസ്തു നിയമങ്ങൾ പാലിച്ചാൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാൽ ഇത് ശരിയല്ല. വലിയ കാര്യങ്ങൾക്ക് പുറകേ പോകാതെ നമ്മുടെ വീട്ടിൽ പോസിറ്റീവ് ഊർജവും അതിലൂടെ ഐശ്വര്യവും നിറയ്ക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വീട്ടിലെ അംഗങ്ങൾ ഉപയോഗിക്കുന്ന വാച്ചുകളും വീട്ടിലെ ക്ലോക്കുകളും കൃത്യമായി ഓടുന്നതാണോ എന്ന് ശ്രദ്ധിക്കുകയാണ് ഇതിൽ ഏറ്റവും പ്രധാനം. അവ കൃത്യമായി അല്ല ഓടുന്നതെങ്കിൽ വീട്ടിലെയും നിങ്ങളുടെയും ജീവിതത്തിലെ ഒരുകാര്യവും നടക്കില്ല. അതിനാൽ ഓടാത്ത വാച്ചുകൾ നന്നാക്കാൻ നോക്കുക. പറ്റാത്തവ എത്രയും പെട്ടെന്ന് ഒഴിവാക്കുക.

ഇതുപോലെ തേപ്പുപെട്ടി, മിക്സി തുടങ്ങി കേടായ വീട്ടുപകരങ്ങൾ ഉണ്ടെങ്കിൽ അവയും എത്രയും പെട്ടെന്ന് നന്നാക്കണം. പറ്റാത്തവ ഉപേക്ഷിക്കുകതന്നെവേണം. വീട്ടിലെ അലമാരയിൽ പഴകിയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവയും ഉപേക്ഷിക്കണം. ഉപേക്ഷിക്കാൻ പറ്റാത്തവ ആണെങ്കിൽ ഇടയ്ക്കിടെ അവ അലമാരയിൽ നിന്നെടുത്ത് കഴുകി ഉണക്കിവയ്ക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ വീട്ടിൽ ഒരിക്കലും ഐശ്വര്യം ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം. ഫീസായ ബൾബുകളും ട്യൂബുകളും, തേഞ്ഞുതീരാറായ ചെരുപ്പുകൾ, വാഹനത്തിൽ നിന്ന് മാറ്റിയിട്ട ടയറുകൾ തുടങ്ങിയ സാധനങ്ങൾ എത്രയും പെട്ടെന്ന് മാറ്റുന്നോ അത്രയും പെട്ടെന്ന് വീട്ടിൽ ഐശ്വര്യം നിറയും.