ജിമെയിലും ഓപ്പൺ എഐയുമടക്കം പല സേവനങ്ങളും തകരാറിലായി, പ്രശ്‌നം ഗൂഗിൾ ക്ളൗഡിൽ
ഗൂഗിൾ ക്ളൗഡിലെ സിസ്റ്റങ്ങളിൽ നേരിട്ട തകരാർ മൂലം കഴിഞ്ഞദിവസം രാത്രി ഏറെനേരം വിവിധ ഗൂഗിൾ സേവനങ്ങളടതക്കം തകരാറിലായിരുന്നു. രാത്രി വൈകിയുണ്ടായ തകരാറിൽ ജിമെയിൽ, സ്‌പോട്ടിഫൈ, ഓപ്പൺ എഐ, സ്‌മാർട് ഹോം സർവീസുകൾ എന്നിവ പണിമുടക്കുകയായിരുന്നു.
ഇതിനകം മിക്ക പ്ളാറ്റ്‌ഫോമുകളും മടങ്ങിയെത്തിയെങ്കിലും മിക്കവരും ഇന്റർനെറ്റ് സേവനങ്ങൾക്കായി ഏതാനും ക്ളൗഡ് സേവനദാതാക്കളെ മാത്രം ആശ്രയിക്കുന്നതിനെക്കുറിച്ച് ആശങ്കകളുയർന്നിട്ടുണ്ട്. വിവിധ ഉപഭോക്താക്കളും കമ്പനികളും ക്ളൗഡ് സിസ്റ്റങ്ങൾ പണിമുടക്കിയതിനെക്കുറിച്ച് എക്‌സിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി 10.46ഓടെ ഗൂഗിളും ഇക്കാര്യം സ്ഥിരീകരിച്ചു. ഗൂഗിൾ ക്‌ളൗഡ് ഐഎഎം തകരാറിലായത് സ്ഥിരീകരിച്ച് വൈകാതെ തന്നെ റിക്കവറി നടപടി തുടങ്ങിയിരുന്നു. യൂറോപ്യൻ സമയം ഏറെ വൈകിയാണ് തകരാർ പരിഹരിക്കാൻ സാധിച്ചത്.
വിവിധ വെബ്‌സൈറ്റുകൾക്ക് കണ്ടെന്റ് ഡെലിവറിയും സുരക്ഷയുമൊരുക്കുന്ന ക്ളൗഡ്‌ഫ്ളെയറിനും തകരാറുണ്ടായി. ഗൂഗിൾ ക്ളൗഡുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് പണിമുടക്കിയത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ഏറെ വെബ് അടിസ്ഥാനഘടകങ്ങൾ പ്രവർത്തിക്കുന്നത് വളരെ കുറച്ച് ക്ളൗഡുമായി ബന്ധപ്പെട്ടാണെന്ന് ഇതോടെ വ്യക്തമായി. ചെറിയൊരു തകരാറുണ്ടായാൽ പോലും ലോകമാകെ സ്‌തംഭിക്കുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം.