പ്രവീൺ ചന്ദ്രന്റെ ചിത്രത്തിൽ ദുൽഖർ സൽമാൻ

Saturday 14 June 2025 3:45 AM IST

പേരില്ലൂർ പ്രീമിയർ ലീഗ് എന്ന ശ്രദ്ധേയമായ വെബ് സിരീസ് ഒരുക്കിയ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ. കുഞ്ഞിരാമായണം, പദ്‌മിനി, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളുടെയും പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരിസിന്റെയും തിരക്കഥാകൃത്തായ ദീപു പ്രദീപിന്റെ രചനയിലാണ് ദുൽഖർ സൽമാൻ ചിത്രം. ദുൽഖർ നായകനായ കുറുപ്പിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവീൺചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. കിംഗ് ഒഫ് കൊത്തയ്ക്കു ശേഷം ദുൽഖറിനെ നായകനാക്കി ആദ്യ സംവിധാന സംരംഭം ഒരുക്കാനാണ് പ്രവീൺ ചന്ദ്രൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ആ പ്രോജക്ട് നടക്കാതെ വന്നതോടെ വെബ് സീരിസ് സംവിധാനം ചെയ്തു. പ്രവീൺചന്ദ്രന്റെ ആദ്യ സിനിമയായി ഒരുങ്ങുന്ന ദുൽഖർ ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. നഹാസ് ഹിദായത്തിന്റെ ഐ ആം ഗെയിം പൂർത്തിയാക്കിയശേഷം പ്രവീൺ ചന്ദ്രന്റെ ചിത്രം ആണ് ദുൽഖറിനെ കാത്തിരിക്കുന്നത്. സൗബിൻ ഷാഹിർ, സമീർ താഹിർ എന്നിവരുടെ ചിത്രങ്ങളിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. അതേസമയം ഐ ആം ഗെയിമിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. കൊച്ചിയിൽ ആണ് അടുത്ത ഷെഡ്യൂൾ. ഈ ഷെഡ്യൂളിൽ ദുൽഖർ ജോയിൻ ചെയ്യും.