റൈസ് മിൽ നിർമ്മാണം അതിവേഗം, നെൽ കർഷകരുടെ കണ്ണീരിന് പരിഹാരം
കോട്ടയം : നെല്ല് സംഭരണത്തിൽ സ്വകാര്യ മില്ലുകളുടെ ചൂഷണത്തിന് അറുതി വരുത്താൻ മന്ത്രി വി.എൻ.വാസവൻ മുൻകൈയെടുത്ത് കിടങ്ങൂർ കൂടല്ലൂരിൽ ആരംഭിക്കുന്ന സഹകരണ മില്ലിന്റെ ഓഫീസ് സമുച്ചയം ഉദ്ഘാടനത്തിന് തയ്യാറായി. 80 കോടി ചെലവഴിച്ച് പത്തേക്കർ സ്ഥലത്താണ് ഗോഡൗണും, ആധുനിക മില്ലും സ്ഥാപിക്കുന്നത്. ഗോഡൗൺ സൗകര്യം ഇല്ലാത്തതാണ് നെൽകർഷകരെ പിഴിയാൻ മില്ലുകാർക്ക് വഴിയൊരുക്കിയത്. ഇത്തവണയും കിഴിവിന്റെ പേരിൽ കൊള്ളയായിരുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ആസ്ഥാനമായി രൂപീകരിച്ച കേരള പാഡി പ്രോക്യൂർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് (കാപ്‌കോസ്) ചുമതല. സഹകരണ കൺസോർഷ്യം. നബാർഡ്, കേരളബാങ്ക് എന്നിവ വഴിയാണ് മില്ലിനാവശ്യമായ പണം സ്വരൂപിക്കുക. നബാർഡിൽ നിന്ന് 74 കോടി ലഭിച്ചു. 48 സഹകരണ സംഘങ്ങളിൽ നിന്ന് 6.33 കോടി ഓഹരിയായും സൊസൈറ്റി ശേഖരിച്ചു. പത്തുകോടി രൂപ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
50,000 മെട്രിക് ടൺ നെല്ല് സംഭരിക്കാം
നൂതന ജർമൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മില്ലിൽ 50,000 മെട്രിക് ടൺ നെല്ല് പ്രതിവർഷം സംസ്‌കരിക്കാൻ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയർഹൗസിന് പകരം 3500 ടൺ ശേഷിയുള്ള എട്ട് ആധുനിക സൈലോകളാണ് സ്ഥാപിക്കുക. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. അടുത്ത കൊയ്‌ത്ത് സീസണിന് മുൻപ് നിർമ്മാണം പൂർത്തിയാക്കും.
കാപ്‌കോസിന്റെ ചുമതലയിൽ മറ്റു ജില്ലകളിലും സഹകരണ മില്ല് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക ഗോഡൗൺ ഇല്ലാത്തതായിരുന്നു മില്ലുകാരുടെ ചൂഷണത്തിന് പ്രധാന കാരണം. കിടങ്ങൂരിൽ സഹകരണ മില്ല് യാഥാർത്യമാകുന്നതോടെ ഇതിന് പരിഹാരമാകും.
കെ.എം.രാധാകൃഷ്ണൻ ( കാപ്‌കോസ് ചെയർമാൻ )
80 കോടി ചെലവ്
പത്തേക്കർ സ്ഥലം