'ചങ്ങാതിക്ക് ഒരു മരം' : സ്വകാര്യ നഴ്സറികളുമായി ധാരണ
കോട്ടയം : തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'ഒരു തൈ നടാം' വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുനടത്തുന്ന 'ചങ്ങാതിക്ക് ഒരു മരം' പദ്ധതിയിലേക്ക് സ്വകാര്യ നഴ്സറികൾ ഫലവൃക്ഷത്തൈകൾ വിലക്കിഴിവിൽ നൽകും. തിരഞ്ഞെടുക്കപ്പെട്ട നഴ്സറി പ്രതിനിധികളുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്‌കൂളിൽ നിന്ന് വിതരണം ചെയ്യുന്ന ഡിസ്‌ക്കൗണ്ട് കൂപ്പൺ കൈമാറി, ലിസ്റ്റ് ചെയ്തിട്ടുള്ള നഴ്സറികളിൽ നിന്ന് ഒരു കുട്ടിയ്ക്ക് 25 മുതൽ 30 ശതമാനം വരെ കിഴിവിൽ ഒരു തൈ വാങ്ങാം. ഇതിനുപുറമേ ജൂലൈ 31 വരെ 10 ശതമാനം കിഴിവോടെ വൃക്ഷത്തൈകൾ നൽകുന്നതിനും നഴ്സറി ഉടമകളുടെ പ്രതിനിധികൾ സന്നദ്ധത അറിയിച്ചു. 25 നാണ് പരിപാടി നടത്തുന്നത്. ക്യാമ്പയിൻ സെപ്തംബർ 30 ന് സമാപിക്കും.